Sorry, you need to enable JavaScript to visit this website.

സചിന്റെ മകൻ  ജൂനിയർ ഇന്ത്യ ടീമിൽ

മുംബൈ - സചിൻ ടെണ്ടുൽക്കറുടെ പുത്രൻ അർജുൻ ടെണ്ടുൽക്കറിനെ ശ്രീലങ്കക്കെതിരായ രണ്ട് ചതുർദിന ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിലുൾപ്പെടുത്തി. ഇടങ്കൈയൻ പെയ്‌സ്ബൗളറും ഓൾറൗണ്ടറുമാണ് പതിനെട്ടുകാരൻ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മുംബൈയുടെ അണ്ടർ-19 ടീമിലെത്തിയത്. 
അർജുൻ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ നെറ്റ്‌സിൽ കഴിഞ്ഞ വർഷം ബൗൾ ചെയ്തിരുന്നു. അന്ന് അർജുന്റെ യോർക്കർ ഉപ്പൂറ്റിക്കു കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോണി ബെയര്‍‌സ്റ്റോക്ക് പരിക്കേറ്റത് അൽപനേരം പരിഭ്രാന്തി പരത്തിയിരുന്നു. കഴിഞ്ഞ വർഷം ന്യൂസിലാന്റിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നെറ്റ്‌സിലും പന്തെറിഞ്ഞു. ജനുവരിയിൽ ഓസ്‌ട്രേലിയയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സംഘാടകർ സംഘടിപ്പിച്ച ആഗോള ട്വന്റി20 ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു മത്സരത്തിൽ നാലു വിക്കറ്റെടുക്കുകയും 27 പന്തിൽ 48 റൺസടിക്കുകയും ചെയ്തു.
അടുത്ത മാസമാണ് അണ്ടർ-19 ടീമിന്റെ ശ്രീലങ്കൻ പര്യടനം. ദൽഹി വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ അനുജ് റാവത്താണ് നായകൻ. അനുജ് ഈ സീസണിൽ ദൽഹിക്കു വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറിയിരുന്നു. 
 

Latest News