Sorry, you need to enable JavaScript to visit this website.

ഏഷ്യാനെറ്റിലെ ശൂരൻമാരും ശൂരത്തികളും എവിടെ, ഒളിവുദിനാശംസ നേർന്ന് ജലീൽ

തിരുവനന്തപുരം- ഏഷ്യാനെറ്റ് ചാനലിലെ മാധ്യമപ്രവർത്തകർക്ക് ഒളിവുദിനാശംസ നേർന്ന് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. വാർത്ത പ്രക്ഷേപനം ചെയ്തതുമായി ബന്ധപ്പെട്ട് പോക്‌സ് കേസിൽ പ്രതി ചേർക്കപ്പെട്ട ഏറ്യാനെറ്റിലെ മൂന്നു മാധ്യമപ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകി ഇതേവരെ പോലീസിന് മുന്നിൽ ഹാജരായിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ജലീൽ ഒളിവുദിനാശംസ നേർന്നത്.
ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഒളിവുദിന ആശംസകൾ
നയതന്ത്ര സ്വർണ്ണക്കടത്ത്, ഖുർആന്റെ മറവിലെ ഒളിച്ചു കടത്ത്,  സ്വർണ്ണപ്പെട്ടികളുമായി തിരുവനന്തപുരത്തു നിന്നുള്ള യാത്ര, തൃശൂരിലെത്തുമ്പോൾ ജി.പി.എസ് കേടാവുന്നു, വണ്ടി കോതമംഗലത്തേക്ക് തിരിയുന്നു, അവിടെ ഒരു പാക്കറ്റ് ഇറക്കുന്നു, പിന്നെ നേര കോഴിക്കോട് വഴി ബാഗ്ലൂരിലേക്ക്, ഖുർആൻ കോപ്പികളുടെ തൂക്കത്തിൽ ഗണനീയ കുറവ്, ഈന്തപ്പഴത്തിന്റെ കുരുവിൽ സ്വർണ്ണം, സ്വർണ്ണക്കിറ്റ്, കാശ്മീരിനെ വെട്ടിമുറിച്ചവൻ, രാജ്യദ്രോഹി, കള്ളപ്പണം ഒളിപ്പിച്ചുവെച്ചവൻ, ഷാർജ ശൈഖിനെ സ്വാധീനിച്ച് വിദേശത്ത് ബിസിനസ്........... അങ്ങിനെ എന്തൊക്കെയായിരുന്നു മാപ്രകൾ അലറി വിളിച്ചത്? 
ദിവസങ്ങളോളം ചാനൽ മുറിയിലിരുന്ന് വിചാരണ, സർവ്വ ചണ്ടിപണ്ടാരങ്ങളും ഒത്തുചേർന്ന അന്തിച്ചർച്ചകൾ. തൂക്കുകയർ ഉറപ്പാക്കി വിനു വി ജോൺ, ജയിൽ ശിക്ഷ സുനിശ്ചിതമെന്ന് സിന്ധു സൂര്യകുമാർ, സി.പി.ഐ (എം) കൈവിടുമെന്ന് കട്ടായം പറഞ്ഞ് ഷാജഹാൻ?. എന്നിട്ടും അരിശം തീരാഞ്ഞ് വളാഞ്ചേരിയിൽ നിന്ന് തലസ്ഥാനം വരെ ഊഴം വെച്ച് ദൃശ്യമാപ്രകളുടെ അകമ്പടി. എത്തുന്ന സ്ഥലം റൂട്ട് മാപ്പും വരച്ച് എതിരാളികൾക്ക് കല്ലെറിയാനും തടയാനും വേണമെങ്കിൽ കൊല്ലാനും വിവരം നൽകിക്കൊണ്ടുള്ള എട്ടുമണിക്കൂർ യാത്രാ വിവരണ ലൈവ്. ഒന്നും ജനങ്ങൾ മറന്നിട്ടില്ല.
കാടിരമ്പി വന്നു. ചാനൽ മുറികളിൽ സുനാമി തിരമാലകൾ ആകാശംമുട്ടെ ഉയർന്നടിച്ചു. മാപ്രകൾ ഒരുമിച്ചഴിച്ചുവിട്ട ആരോപണക്കൊടുങ്കാറ്റ് ആഞ്ഞുവീശി. ലവലേശം പതറാതെ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരായി പറയേണ്ടത് പറഞ്ഞു. സമ്പാദ്യത്തിന്റെ അവസാന തരിയുടെ കണക്ക് വരെ കൊടുത്തു. 
ഒളിച്ചു പാർത്തില്ല. മുൻകൂർ ജാമ്യഹർജി നൽകിയില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് നിസ്സഹകരിച്ചില്ല. ഒരു ദിവസം പോലും നീട്ടിച്ചോദിച്ചില്ല. പതിവു പരിപാടികൾ വേണ്ടെന്നു വെച്ചില്ല. ജനങ്ങളിൽ നിന്ന് മാറി നിന്നില്ല. തല ഉയർത്തിപ്പിടിച്ച് തന്നെ നടന്നു. ലോകം മുഴുവൻ ഒലിച്ചു വന്നിട്ടും എന്റെ ഒരു രോമത്തിൽ പോലും തൊടാൻ ആർക്കും കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ല.
വേട്ടക്കാരന്റെ വേഷത്തിൽ അന്നെനിക്കെതിരെ ആർത്തട്ടഹസിച്ച് പിറകെക്കൂടിയ പത്രദൃശ്യ മാധ്യമങ്ങളിൽ മുന്നിൽ നിന്ന  ഏഷ്യാനെറ്റിലെ വീരശൂരൻമാരും ശൂരത്തിമാരും എവിടെ? കാണാതായിട്ട് എത്ര ദിവസം? വാക്കുകളിൽ ധൈര്യം ഒലിപ്പിക്കുന്ന 'നിർഭയക്കാരേ'' ഏതു മാളത്തിലാണ് നിങ്ങൾ നാവും വാലും ഒളിപ്പിച്ച് സുഖനിദ്ര കൊള്ളുന്നത്?  
പുറം ലോകം കാണാൻ കോടതിയുടെ വിധി കാത്തു കഴിയുന്ന മാധ്യമ ലോകത്തെ 'യോദ്ധാക്കൾ'ക്ക് നമോവാകം. ജയിൽ ശിക്ഷയേക്കാൾ അപമാനകരമായ ഒളിവു ദിനരാത്രങ്ങൾ! മൂവർക്കും എന്റെ ഒളിവുദിന ആശംസകൾ!
 

Latest News