ജിദ്ദ-ഫോർമുല-1 ഒരുക്കങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ഗതാഗത നിയന്ത്രണങ്ങളുടെ നാലാം ഘട്ടമെന്ന നിലയിൽ കോർണീഷ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപെടുത്തിയതായി ട്രാഫിക് ഡയറക്റ്ററേറ്റ് ജിദ്ദ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നു മുതൽ (മാർച്ച് 16 വ്യാഴം) അടുത്ത തിങ്കൾ (മാർച്ച് 20) വരെ ഫോർമുല1 സർക്കിളിലേക്കുള്ള കോർണീഷ് ഉപ റോഡിലും അമീർ ഫൈസൽ ബിൻ ഫഹദ് റോഡിലും വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. മാർച്ച് 17 മുതൽ ഇരുപതു വരെയാണ് സൗദി ടെലികോമിന്റെ മെഗാ സമ്മാനത്തിനായുള്ള ഫോർമുല 1 മത്സരങ്ങൾ ജിദ്ദ കോർണീഷിൽ നടക്കുന്നത്. മത്സരം നടക്കുന്നതിന്റെ ഭാഗമായി മാർച്ച് 19ന് ഞായറാഴ്ച ജിദ്ദയിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.