തിരുവനന്തപുരം : ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നലെ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഓഫീസ് യു ഡി എഫ് ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളായിരുന്നു നിയമ സഭ തുടങ്ങിയപ്പോള്‍ തന്നെ ചര്‍ച്ചയായത്. തന്റെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാര്‍ഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇന്നലെ നടന്ന സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും നിര്‍ഭാഗ്യകരമാണെന്നുമുള്ള സ്പീക്കറുടെ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവും യോജിച്ചു. സ്പീക്കര്‍ ഇരിക്കുമ്പോള്‍ തന്നെ മുഖം മറച്ചു ബാനര്‍ ഉയര്‍ത്തിയതിനും സഭയിലെ തന്റെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്ത് പോയതിനും സ്പീക്കര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. പിന്നീട് കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാതെ സ്പീക്കര്‍ ചോദ്യോത്തര വേള ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധമാരംഭിച്ചു.. ഇതോടെ സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.