കല്‍പറ്റ-തൊണ്ടര്‍നാട് കുഞ്ഞോം ചുരുളി അരിമല കോളനിയില്‍ എത്തിയ സായുധ മാവോവാദി സംഘം താത്കാലിക വനം വാച്ചറുടെ ഫോണിലൂടെ സന്ദേശപ്രചാരണം നടത്തി. കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചര്‍ എ.കെ.ശശിയുടെ ഫോണ്‍ ആണ് സംഘം ദുരുപയോഗം ചെയ്തത്.ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് രണ്ടു സ്ത്രീകളും മുഖംമറച്ച ഒരാളുമടക്കം നാല് മാവോവദികള്‍ കോളനിയില്‍ എത്തിയത്. ശശിയുടെയും സമീപത്തെ മറ്റു ചിലരുടെയും വീടുകള്‍ മാവോസംഘം കയറി. ശശിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയാണ് സംഘം അദ്ദേഹത്തിന്റെ കോണ്‍ടാക്ട് നമ്പറിലുള്ളവര്‍ക്ക് വാട്സാപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചത്.
ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ നിയമനത്തില്‍ ആദിവാസികളെ വഞ്ചിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള വീടുകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചു നിയമനം നല്‍കുന്നു തുടങ്ങിയ ആരോപണങ്ങളടങ്ങുന്ന പോസ്റ്ററുകളാണ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത്. വഞ്ചനയ്ക്കെതിരെ പൊരുതണമെന്ന് ആഹ്വനവും പോസ്റ്ററുകളിലുണ്ട്.
സി.പി.ഐ(മാവോയിസ്റ്റ്)ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരില്‍ തയാറാക്കിയതാണ് പോസ്റ്ററുകള്‍.
രണ്ട് മണിക്കൂറോളം കോളനിയില്‍ ചെലവഴിച്ച സംഘം വീടുകളില്‍നിന്നു അരിയും ഉള്ളിയും വാങ്ങിയും തങ്ങള്‍ വന്ന വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടുമാണ് മടങ്ങിയത്. കോളനിവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ തൊണ്ടര്‍നാട് പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു. ശശിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.