Sorry, you need to enable JavaScript to visit this website.

ഒളിവിലെന്ന് കര്‍ണാടക പോലീസ്; നിഷേധിച്ച് വിജേഷ് പിള്ള

കൊച്ചി-സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി വിജേഷ് പിള്ള ഒളിവിലെന്നാണ് കര്‍ണാടക പോലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീല്‍ഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്‌സാപ്പ് വഴിയാണ് സമന്‍സ് നല്‍കിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയത്. വിജേഷ് പിള്ളയെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.
എന്നാല്‍ താന്‍ ഒളിവിലല്ലെന്നും പോലീസിന്റെ സമന്‍സ് കിട്ടിയിട്ടില്ലെന്നുമുള്ള നിലപാടിലാണ് വിജേഷ് പിള്ള. തന്റെ ഫോണ്‍ സ്വിച്ചോഫ് ചെയ്തിട്ടില്ലെന്നും തെറ്റായ നമ്പറിലേക്കായിരിക്കാം പോലീസ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ഇയാള്‍ പറയുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇയാള്‍ അറിയിച്ചു.
അതിനിടെ, വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ സ്വപ്‌നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസിനെ താന്‍ സ്വാഗതം ചെയ്യുകയാണെന്ന് സ്വപ്‌ന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ള തനിക്കെതിരെ മാനനഷ്ടത്തിനാണ് പരാതി നല്‍കിയതെന്നും മാനനഷ്ട പരാതിയില്‍ പോലീസിന് കേസ് എടുക്കാന്‍ അധികാരം ഇല്ലെന്നും സ്വപ്‌ന പറഞ്ഞു. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് തനിക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വിജേഷ് പിള്ള തന്നെ ബാംഗ്ലൂരില്‍ വന്ന് ഭീഷണിപ്പെടുത്തിയതിന്റെ പിറ്റേ ദിവസം താന്‍ കര്‍ണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയില്‍ വഴി പരാതി അയച്ചു. അവര്‍ ആ പരാതി ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തനിക്ക് കര്‍ണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. പക്ഷെ വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും. കര്‍ണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ തന്റെ പരാതിയില്‍ പ്രത്യേക താല്പര്യമില്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയില്‍ പ്രത്യേക താല്പര്യം കാണുമായിരിക്കും. കെ ടി ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായെന്നും സ്വപ്‌ന ചോദിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News