ജിദ്ദ- കേരളത്തിലും ഇന്ത്യയിലും ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി വർധിച്ചു വരികയാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ്യ യൂനിറ്റ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ സർക്കാരുകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലീമസമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ചുറ്റുപാടിൽ പ്രവാസി വെൽഫെയറിനുള്ള പ്രസക്തിയും സമീപ കാലങ്ങളിൽ കണ്ടു വരുന്നു. വെൽഫെയർ പാർട്ടിയുടെ ഇടപെടലുകളും അത് പൊതുസമൂഹത്തിൽ പാർട്ടിക്ക് നേടിക്കൊടുത്ത പ്രചാരവും ചെറുതല്ലാത്ത രീതിയിൽ പൊതു ഇടങ്ങളിലും മറ്റു പ്രബല രാഷ്ട്രീയ പാർട്ടികളുടെ ഇടയിലും ചർച്ചക്ക് വഴിവെച്ചതായും അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന പാർട്ടി കേന്ദ്രത്തിനെതിരായി പ്രഖ്യാപിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ജാഥയിൽ പോലും കേന്ദ്ര വിമർശനം ഒഴിവാക്കി വെൽഫെയർ പാർട്ടിയെ ഉന്നംവെച്ചു കൊണ്ടുള്ള ദുഷ്പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാലിദിയ റൗദ പാർക്കിൽ നടന്ന സംഗമത്തിൽ യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹിമാൻ കൂട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രവാസികൾക്കായുള്ള സർക്കാരിന്റെ വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളേയും കുറിച്ച് ചർച്ച ചെയ്യുകയും അവയിൽ പ്രവാസികളെ ചേർക്കുന്നതിനു വേണ്ടിയുള്ള ബോധവൽക്കരണവും ഇടപെടലുകളും ശക്തമാക്കാനും യോഗം തീരുമാനിച്ചു. ചർച്ചയിൽ സിറാജ് താമരശ്ശേരി, അസ്‌കർ ചെറുകോട്, അഹമ്മദ് കാസിം, അഡ്വ.ഫിറോസ്, സാജിദ് ഈരാറ്റുപേട്ട, അബ്ദു സുബ്ഹാൻ, അജ്മൽ ഗഫൂർ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി യൂസഫലി കൂട്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷബ്ന നന്ദിയും പറഞ്ഞു.