മലപ്പുറം- സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങൾ ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ നടപടിയും അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മലപ്പുറത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിശദീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണമുള്ള പൂർവ്വീകരായ മഹാന്മാരുടെ പിന്തുടർച്ചയാണ് സമസ്ത. അതിനൊരു ആദർശവും ഭരണഘടനയുമുണ്ട്. ഫത്‌വകൾ സമസ്ത തന്നെ നൽകുന്നുണ്ടെന്നും സമസ്തക്ക് ഫത്വ കൊടുക്കാൻ ആരും ആളാവേണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസതക്ക് പ്രത്യേക താൽപര്യങ്ങളില്ല. ഭരണഘടന അനുസരിച്ചാണ് സമസ്തയുടെ പ്രവർത്തനം. സമസ്തയേയും,പണ്ഡിതന്മാരേയും കരിവാരി തേക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടാകുന്നത്. സമസ്തക്കെതിരേ മോശമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നു. ജമാഅത്ത്,മുജാഹിദ് വിഭാഗങ്ങൾ പോലും സമസ്തക്കും പണ്ഡിതർക്കും നടത്താത്ത ആക്ഷേപങ്ങളാണ് ചിലർ നടത്തുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.