തിരുവനന്തപുരം-സ്വന്തം ഭാര്യയെയും അമ്മായിഅച്ഛനെയും സ്വപ്‌ന സുരേഷ് ആഴ്ചക്കാഴ്ച്ചക്ക് വന്ന് പഞ്ഞിക്കിടുമ്പോൾ അതിനോട് പ്രതികരിക്കാൻ ധൈര്യമില്ലാത്ത മൊയന്താണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഇദ്ദേഹമാണ് കേരളത്തിൽ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം അളക്കാൻ വരുന്നതെന്നും ബൽറാം പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ പരാമർശം. ഇന്ന് നിയമസഭയിൽ നടന്ന വാദകോലാഹലങ്ങൾക്കിടെ പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്ന് മുഹമ്മദ് റിയാസ് ആക്ഷേപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ബൽറാം അതിരൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്.
നിയമസഭാ നടപടികളെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനുള്ളത്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണധികാരമെന്നും വി.ഡി സതീശൻ ചോദിച്ചു.
സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്. മരുമകൻ എത്രത്തോളം പി.ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭരണപക്ഷത്തിന് തുടർ ഭരണത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ധിക്കാരമാണ്. സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് സഭയെന്നും നിയമസഭ കൗരവസഭയോ എന്നും സതീശൻ ചോദിച്ചു.