Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ പ്രതിഷേധം : മുഖ്യമന്ത്രിയും സ്പീക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചത് സംഘര്‍ഷത്തിനും കയ്യാങ്കളിക്കും ഇടയാക്കിയിരുന്നു. ബലപ്രയോഗത്തിനിടെ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദ്ദിച്ചതായും പ്രതിപക്ഷം ആരോപിച്ചു.സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ഉപരോധം. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കേണ്ട സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ബ്രഹ്‌മപുരം വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവന കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് സ്പീക്കറുടെ ഓഫീസിലേക്ക് ഉപരോധത്തിന് എത്തിയത്.

Latest News