തിരുവനന്തപുരം - സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എം.എൽ.എമാർക്ക് പരുക്കേറ്റതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സഭയിലെ മുതിർന്ന എം.എൽ.എമാരിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. പിന്നാലെ ഭരണകക്ഷിയിലെ എം.എൽ.എമാരും മന്ത്രിമാരുടെ സ്റ്റാഫുമെല്ലാം ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം.എൽ.എമാരായ സനീഷ് കുമാർ, എ.കെ.എം അഷ്‌റഫ്, ടി.വി ഇബ്രാഹിം, കെ.കെ രമ എന്നിവർക്കാണ് ആക്രമണമേറ്റത്. സനീഷ് കുമാർ ബോധരഹിതനായി വീണതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബാക്കിയുള്ള മൂന്ന് എം.എൽ.എമാർക്കും പരിക്കേറ്റു.
എന്തിന് വേണ്ടിയാണ്, ആരോടാണ് അസംബ്ലിക്ക് അകത്തും പുറത്തും ഇവർ ധിക്കാരം കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. അതിനിടെ പ്രതിപക്ഷ എം.എൽ.എമാർ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ മൂന്ന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.