കണ്ണൂര്‍ : തനിക്കെതെിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ നിന്നും പിന്മാറാന്‍ വിജേഷ് പിള്ള ഭീഷണിപ്പെടുത്തുകയും 30 കോടി രൂപ വാഗ്ദാനം നടത്തുകയും ചെയ്തതായി കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് വിജേഷ് പിള്ള ഡി ജി പിയ്ക്ക് പരാതി നല്‍കിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ചാണ് പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഇത്തരം പരാതികള്‍ സാധാരണ ലോക്കല്‍ പോലീസാണ് അന്വേഷിക്കുകയെങ്കിലും ഡി ജി പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
സ്വപ്നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കെ ആര്‍ പുര പൊലീസ് സ്റ്റേഷനിലാണ് വിജേഷ് പിളളക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെംഗളുരുവിലെ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചക്കിടെ വിജേഷ് പിള്ള ഭീഷണി മുഴക്കിയതായാണ് സ്വപ്‌നയുടെ പരാതി. എന്നാല്‍ തന്റെ പുതിയ വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി മാത്രമാണ് സ്വപ്നയെ കണ്ടതെന്നും, സ്വപ്ന തനിക്കെതിരെ ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം തീര്‍ത്തും തെറ്റാണെന്നുമാണ് വിജേഷ് പിള്ള പിന്നീട് പ്രതികരിച്ചത്.