രണ്ടു വര്‍ഷം മുമ്പ് കാണാതായ കമിതാക്കള്‍ക്കായി തെരച്ചില്‍

ഇടുക്കി- രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിക്കും യുവാവിനും വേണ്ടി പരുന്തുംപാറയിലെ 800 അടി താഴ്ചയില്‍ തെരച്ചില്‍ നടത്തി. കെ.എ.പി ബറ്റാലിയന്‍ ഹൈ ഓള്‍റ്റിറ്റിയൂഡ് റസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. 2020 മെയ് 18നാണ് പീരുമേട് കച്ചേരിക്കുന്ന് രണ്ടാനിക്കല്‍ മുരളീധരന്റെ ഭാര്യ അഞ്ജുവിനെയും പീരുമേട് ആറ്റോരം ശ്രീകൃഷ്ണവിലാസത്തില്‍ സെല്‍വനെയും കാണാതായത്.
പീരുമേട് പരുന്തുംപാറയില്‍ ഇരുവരും എത്തിയതായി സൂചന ലഭിച്ചിരുന്നു. സെല്‍വന്റെ ഉടമസ്ഥതയിള്ള കാര്‍ ഗ്രാമ്പിയില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ജു കാണാതാകുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. സെല്‍വന്‍ പീരുമേട്ടില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഇരുവരും സ്‌നേഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇതു പ്രകാരം പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ഇരുവരും ജീവിച്ചിരിക്കുന്നതായി ഒരു സൂചനയും ലഭിച്ചില്ല.
പോലീസ് ആദ്യഘട്ടം അന്വേഷണം അവസാനിപ്പിച്ചുവെങ്കിലും പീരുമേട് ഡിവൈഎസ്പിയായി ജെ കുര്യാക്കോസ് നിയമിതനായതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.ഇരുവരുടെയും അവസാനത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരുന്തുംപാറയും ഗ്രാമ്പിയുമായതിനാല്‍ പരുന്തുംപാറക്ക് എതിര്‍വശത്തുള്ള 800 അടി താഴ്ചയില്‍ ഇറങ്ങി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരുവരെയും കാണാതായ ശേഷം തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രളയമുണ്ടായതിനാല്‍ ഒഴുകി പോകാനും മണ്ണിനടിയിലാകാനും സാധ്യതയുമുണ്ടെന്ന് തെരച്ചില്‍ സംഘത്തിലെ അസി. കമാന്റന്‍ഡ് പറഞ്ഞു.
800 അടി താഴ്ചയില്‍ പാറയില്‍ വടം കെട്ടിയാണ് തെരച്ചില്‍ സംഘം ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഗ്രാമ്പിയിലും പരിശോധന നടത്തി. തെളിവൊന്നും ലഭിച്ചില്ലെങ്കിലും പീരുമേട് എസ്.എച്ച്.ഒ സുമേഷ് സുധാകരന്‍, എസ്.ഐ ബിബിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News