റിയാദ്- പ്രവാസി വെൽഫെയർ റിയാദ് വനിതാ വിഭാഗം 'ഡിജിറ്റൽ യുഗത്തിലെ സ്ത്രീ' എന്ന പ്രമേയത്തിൽ വനിതാ ദിനവുമായി ബന്ധപ്പെട്ട് സായാഹ്ന ചർച്ച സംഘടിപ്പിച്ചു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വനിതകൾ പരിപാടിയിൽ പങ്കെടുത്തു.
പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസ് വൈസ് പ്രസിഡന്റ് അഡ്വ.റെജി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾ ഉയർന്നു വരണമെന്ന് അവർ ആവശ്യപ്പെട്ടു. ഡോ.നസീമ, ജോളി ജോൺ, ഷെറിൻ ഷംസുദ്ധീൻ, നിഖില സമീർ, റഹ് മത്ത് അഷ്റഫ് (കെ.എം.സി.സി), സഫിയ ടീച്ചർ, ഡോ.നജീന, ഷൈബീന ടീച്ചർ, ഷാദിയ ഷാജഹാൻ, അബ്ദിയ ഷഫീന എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രീയം, സാമൂഹ്യനീതി എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി ചർച്ച പുരോഗമിച്ചു. പ്രവാസി വെൽഫെയർ സെക്രട്ടറി ഷഹനാസ് സഹിൽ ചർച്ചക്ക് നേതൃത്വം നൽകി. റിയാദിലെ പ്രമുഖ എഴുത്തുകാരി നിഖില സമീറിന്റെ 'നീയും നിലാവും' എന്ന കവിതാ സമാഹാരത്തിന്റെ കവർ പേജ് അഡ്വ.റെജിയും സഫിയ ടീച്ചറും ചേർന്ന് പ്രകാശനം ചെയ്തു.
ഹസ്‌ന അയ്യൂബ് ഖാൻ ഗാനമാലപിച്ചു. സൗദി പതാക ദിനവുമായി ബന്ധപ്പെട്ടു കുട്ടികളുടെ നൃത്താവിഷ്‌കാരമൊരുക്കി.
സെൻട്രൽ കമ്മിറ്റി അംഗം അഫ്‌നിദ തയാറാക്കിയ അഗ്‌നിച്ചിറകുകൾ എന്ന ഫോട്ടോ സ്‌പോട്ട് ഇൻസ്റ്റലേഷൻ ശ്രദ്ധയാകർഷിച്ചു.
എക്‌സിക്യൂട്ടീവ് അംഗം നൈസി സജ്ജാദ് സ്വാഗത ഭാഷണവും സെൻട്രൽ കമ്മിറ്റി അംഗം ആയിഷ ടി.പി നന്ദിപ്രകാശനവും നടത്തി.