Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ കാമ്പസുകളിൽ ഫ്രറ്റേണിറ്റി സംഗമങ്ങൾ

തിരുവനന്തപുരം - അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ ദിനമായ മാർച്ച് 15 ന് സംസ്ഥാനത്തെ കാമ്പസുകളിൽ ഇസ്‌ലാമോഫോബിയ വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. കഴിഞ്ഞ വർഷം യു.എൻ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര തലത്തിലെ ആദ്യ ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി മാർച്ച് 15 ആചരിക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ ചെറുതും വലുതുമായ രൂപങ്ങളെ അഭിമുഖീകരിച്ചും വ്യത്യസ്തമായ പോരാട്ടങ്ങൾ സംഘടിപ്പിച്ചും പൊതു സമൂഹത്തിൽ കരുത്തുള്ള സാന്നിധ്യമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിലകൊള്ളുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. വംശീയതക്കെതിരെ നിലപാടുള്ള വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ മുന്നേറ്റം ഇസ്‌ലാമോഫോബിയക്കെതിരെ സാധ്യമാക്കും. പ്രത്യക്ഷവും പരോഷവുമായ ഇസ്‌ലാമോഫോബിക് പ്രചാരങ്ങളെയും നടപടികളെയും ചോദ്യം ചെയ്ത് വിദ്യാർഥി സമൂഹം നിതാന്ത ജാഗ്രതയോടെ നിലകൊള്ളണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

ഇസ്‌ലാമോഫോബിയ സമൂഹത്തെ കൂടുതൽ വിഭജിക്കാനും മുസ്‌ലിംകളെ കൂടുതൽ അന്യവൽക്കരിക്കാനുമുള്ള സാഹചര്യങ്ങൾ രൂപപ്പെടുത്തുകയാണ്.
ഇന്ത്യൻ സാഹചര്യത്തെ വിശകലനം ചെയ്യുമ്പോൾ ദേശ രാഷ്ട്ര രൂപീകരണ പശ്ചാത്തലം മുതൽ ഇന്ത്യൻ മുസ്‌ലിംകൾ അഭിമുഖീകരിച്ച പലതരം സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പ്രതിനിധാനത്തിന്റെ ചോദ്യം തന്നെയായിരുന്നു അതിൽ പ്രധാനം. നിരവധി മുസ്‌ലിം വംശഹത്യകളിലും വിഭജനത്തിലും മാത്രം അത് പരിമിതപ്പെട്ടില്ല, സ്വാതന്ത്ര്യ ഇന്ത്യയിൽ പൗരത്വം തെളിയിക്കേണ്ടവരായ സവിശേഷ സാഹചര്യം വരെ അത് സംജാതമാക്കി.
       
വളരെ മൃദുവായ തമാശകൾ മുതൽ ഇന്ത്യൻ നിയമ സംവിധാനത്തിന്റെ വിധികളിൽ വരെ ഇസ്‌ലാമോഫോബിയയുടെ വിവിധ രൂപങ്ങൾ പ്രകടമാണ്. നജീബ് അഹമ്മദും ഫാത്തിമ ലത്തീഫും ഇന്ത്യൻ കലാലയങ്ങളിലെ ഇസ്‌ലാമോഫോബിയയുടെ രക്തസാക്ഷികളിൽ ചിലരാണ്. കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂൾ മുതൽ കർണാടകയിലെ ഹൈക്കോടതി ഉത്തരവ് വരെ നടപ്പാക്കിയ ഹിജാബ് നിരോധനവും പ്രത്യക്ഷമായ ഇസ്‌ലാമോഫോബിയ തന്നെയാണ്. 

ഹിന്ദുത്വ ആൾക്കൂട്ട കൊലപാതകങ്ങളും, വീട്, സ്ഥാപനങ്ങൾ, സ്വത്തുകൾ ഉൾപ്പെടെയുള്ള മുസ്‌ലിം ഉടമസ്ഥതയിലെ വിഭവങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട കൈയേറ്റവും ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ഭീകരമായ പ്രകടനങ്ങളാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള വ്യക്തമായ നിലപാട് രൂപീകരിച്ചും കാലാനുസൃതമായ മാറ്റങ്ങളെ ഉൾകൊണ്ടുമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ട് പോകുന്നത്. ഇന്ത്യ പോലൊരു മുസ്‌ലിം ന്യൂനപക്ഷ പ്രദേശത്ത് ഇസ്‌ലാമോഫോബിയ സൂക്ഷ്മവും കൃത്യവുമായ സൈദ്ധാന്തികവൽക്കരണവും ഗൗരവ പരിഗണനയും ആവശ്യപ്പെടുന്നുണ്ട് -പ്രസ്താവനയിൽ പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News