Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനായി ചരടുവലി സജീവം; മാണി ഗ്രൂപ്പിന് നല്‍കരുതെന്ന് പി.ജെ കൂര്യന്‍

ന്യൂദല്‍ഹി- കേരളത്തില്‍ ഒഴിവരുന്ന രാജ്യസഭാ സീറ്റുകള്‍ക്കായി ദല്‍ഹിയില്‍ ചരടുവലികള്‍ സജീവമായതിനിടെ മാണിയുടെ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കൂര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. തന്നെ പരിഗണിച്ചില്ലെങ്കിലും മാണിയുടെ പാര്‍ട്ടിക്ക് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട കൂര്യന്‍ പകരം ആറു കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും നിര്‍ദേശിച്ചിട്ടുണ്ട്. തനിക്കു പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ വി.എം സുധീരന്‍, എം.എം ഹസന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍, പി.സി വിഷ്ണുനാഥ് എന്നിവരെ പരിഗണിക്കാമെന്നാണ് കൂര്യന്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നതിനെ അനുകൂലിക്കുന്നയാളാണ് താനെന്നും എന്നാല്‍ ഇതിനായി കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങള്‍ അടിയറവയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് കൂര്യന്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ വീണ്ടും രാജ്യസഭാ എംപിയാകുന്നതിനെതിരെ യുവ എംഎല്‍എമാരെ ഇളക്കി വിട്ട ആളുകള്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന് രാജ്യ സഭാ സീറ്റിനു വേണ്ടി ചരടുവലിക്കുന്നതെന്നും അദ്ദേഹം പറയുന്നു. രാജ്യസഭാ സീറ്റ് നല്‍കിയാലും കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തുടരുമെന്നതിന് ഉറപ്പില്ലെന്നും കൂര്യന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവും രാജ്യസഭാ സീറ്റും സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ആവശ്യപ്പെടുകയും കോണ്‍ഗ്രസ് അതു നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. ഇതു ചര്‍ച്ച ചെയ്യുന്നതിന് യുഡിഎഫ് നേതാക്കളുട യോഗം നടന്നു വരികയാണ്. അതിനിടെ ഇന്നു വൈകീട്ട് ചര്‍ച്ചകള്‍ക്കായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയേയും ജോസ് കെ മാണിയേയും രാഹുല്‍ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.
 

Latest News