ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട വാദി വസാഇല്‍ പിക്കപ്പ് മലവെള്ളപ്പാച്ചിലില്‍ പെട്ട് സൗദി കുടുംബത്തിലെ നാലു കുട്ടികള്‍ മുങ്ങിമരിച്ചു. പിക്കപ്പ് ഒഴുക്കില്‍ പെട്ട സ്ഥലത്തു നിന്ന് ഏറെ അകലെ കുട്ടികളില്‍ ഒരാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ കണ്ടെത്തി. അവശേഷിക്കുന്ന കുട്ടികള്‍ക്കു വേണ്ടി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുകയാണ്. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുട്ടികളെ ശക്തമായ ഒഴുക്കില്‍ പെട്ട് കാണാതായത്.
ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വബ്‌യയിലെ മുശല്ലഹ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സൗദി കുടുംബം സഞ്ചരിച്ച പിക്കപ്പ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. വിചിത്രമായ രീതിയിലാണ് ഈ റോഡ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതായും വിമര്‍ശനമുണ്ട്. മുമ്പും ഈ താഴ്‌വരയില്‍ വാഹനങ്ങള്‍ മലവെള്ളപ്പാച്ചിലുകളില്‍ പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനല്ല, മലവെള്ളപ്പാച്ചില്‍ കടന്നുപോകാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതു പോലെയാണ് ഈ റോഡ് നിര്‍മിച്ചിരിക്കുന്നത്. താഴ്‌വരയില്‍ നിന്ന് ഉയരത്തിലല്ല റോഡ്. റോഡിന് ബാരിക്കേഡുകളുമില്ല. മുശല്ലഹ ഗ്രാമത്തിന്റെ ഏക പ്രവേശന കവാടമാണ് ഈ റോഡ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)