വടകര- ചികിത്സക്കെത്തിയ സ്ത്രീകളോട് അപ മര്യാദയായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കുറ്റിയാടി ഗവൺമെന്റ് ആശുപത്രിയിലെ ക്യാഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർ, കോഴിക്കോട് നന്മണ്ട സ്വദേശി ഡോ. വിപിനെയാണ് കുറ്റിയാടി സി.ഐ ഇ.കെ ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നു(ചൊവ്വ) വൈകിട്ട് 4 മണിക്കാണ് സംഭവം. ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് ആണ് ഡോക്ടർ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തുടർന്ന് രോഗികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ എച്ച്.എം.സി യോഗത്തിൽ പങ്കെടുത്തിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഡോക്ടർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തതായും ഇയാൾക്ക് എതിരെ പരാതി ഉണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കുറ്റിയാടി പോലീസ് കോടതിയിൽ ഹാജരാക്കി.
മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കുറ്റിയാടി ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ രോഗികളോട് അപമര്യാദയായി പെരുമാറിയത് ഏറെ ഖേദകരമാണെന്നും കുറ്റക്കാരനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആശുപത്രിയിൽ ചേർന്ന എച്ച്.എം.സി യോഗം ആവശ്യപെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷത വഹിച്ചു.