തളിപ്പറമ്പ്- തളിപ്പറമ്പ് ആസിഡ് ആക്രമണക്കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. ചപ്പാരപ്പടവിലെ മഠത്തിൽ മാമ്പള്ളി ഹൗസിൽ എം. അഷ്‌കർ അബ്ദുറഹ് മാനെയാണ് (52) യാണ് റിമാന്റ് ചെയ്തത്. ആക്രമണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരിയായ നടുവിൽ സ്വദേശിനി സാഹിദയെ (45) കഴിഞ്ഞ ദിവസം സന്ധ്യക്കാണ് തളിപ്പറമ്പ് ടൗണിൽ വെച്ച് ഇയാൾ ആസിഡ് ആക്രമണത്തിനിരയാക്കിയത്. സാരമായി പൊള്ളലേറ്റ സാഹിദയും ഒപ്പമുണ്ടായിരുന്നവരും ചികിത്സയിലാണ്.
സാഹിദയുമായി അഷ്‌കറിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. തളിപ്പറമ്പിലെ പഞ്ചാബ് നാഷണൽ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് ലക്ഷം രൂപ അഷ്‌ക്കർ വായ്പയെടുത്ത് സാഹിദക്ക് നൽകിയിരുന്നു. ഇത് തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരിയിൽ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന് സ്‌റ്റേഷനിൽ സമ്മതിച്ച് പ്രശ്‌നം ഒത്തുതീർപ്പിലെത്തുകയായിരുന്നു. പിന്നീട് ഇവർ വിവാഹിതരായി എന്നാണ് അഷ്‌ക്കർ പോലീസിന് മൊഴി നൽകിയത്. സാഹിദയുടെ കൂവോടുള്ള തറവാട്ട് വീട്ടിലും ഏഴോത്തും ഒന്നിച്ച് താമസിച്ചുവരികയായിരുന്നു.
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയാണ് അഷ്‌കർ. കുട്ടിയെ ചേർക്കാൻ കോളേജിൽ വന്ന സമയത്താണ് ഇവർ പരിചയപ്പെട്ടതെന്നാണ് പോലീസിന് ലഭിച്ച വിവരം. സാഹിദക്ക് ഭർത്താവും കുട്ടികളുമുണ്ട്. ഭർത്താവ് ബഷീറുമായി അകന്ന സമയത്താണ് സാഹിദ അഷ്‌ക്കറുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് അഷ്‌ക്കറുമായി അകലുകയും മുൻ ഭർത്താവായ ബഷീറിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിലുള്ള വിരോധമാണ് ഇന്നലെ സാഹിദയെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ചതിന്റെ കാരണമെന്നാണ് പോലീസ് പറയുന്നത്. ലാബ് ടെക്‌നീഷ്യനായ അഷ്‌കർ ചപ്പാരപ്പടവ് സ്വദേശിയാണങ്കിലും ഇപ്പോൾ തൃച്ചംബരത്താണ് താമസിക്കുന്നത്. കോളേജിൽ നിന്ന് ശേഖരിച്ച മാരകമായ സൾഫ്യൂരിക്ക് ആസിഡുമായി സാഹിദയെയും കാത്ത് കഴിഞ്ഞ ദിവസം വൈകിട്ട് തളിപ്പറമ്പ് ന്യൂസ് കോർണർ ജംഗ്ഷനിൽ എത്തുകയായിരുന്നു. അടുത്ത് എത്തിയപ്പോഴാണ് കുപ്പി തുറന്ന് മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. കുപ്പിയോടെ വലിച്ചെറിഞ്ഞപ്പോഴാണ് സമീപത്തുണ്ടായിരുന്നവരുടെ ദേഹത്തും ആസിഡ് പടർന്നത്. ആസിഡ് വീണ് പൊള്ളിയെങ്കിലും പത്ര ഏജന്റായ ജബ്ബാർ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും തടിച്ചുകൂടിയ ജനം ഇയാളെ കൈകാര്യം ചെയ്യാൻ തുടങ്ങി. തുടർന്ന് പോലീസ് ഇയാളെ സ്‌റ്റേഷനിലെത്തിച്ചു. ആശുപത്രിയിൽ കഴിയുന്ന സാഹിദയുടെ പരാതിയിൽ ഐ.പി.സി 307, 326 എ എന്നീ വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു. ആസിഡ് ആക്രമണമായതിനാൽ കുറഞ്ഞത് പത്ത് കൊല്ലവും പരമാവധി ജീവപര്യന്തവും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അഷ്‌ക്കർ കോളേജിൽ നിന്നും അവധിയെടുത്ത് 20 വർഷത്തോളം വിദേശത്തായിരുന്നു. നാല് വർഷം മുമ്പാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.