കണ്ണൂർ-സുരേഷ് ഗോപി കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം തോൽക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിലായാലും മത്സരിച്ച് കാണിച്ചു കൊടുക്കുമെന്ന തേക്കിൻകാട് പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. തലശ്ശേരിയിൽ നേരത്തെ ഷംസീറിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം.വി. ജയരാജൻ പരിഹസിച്ചു. മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അപവാദം പ്രചരിപ്പിച്ച മേയർ മാപ്പുപറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂർ ചേലോറയിലെ ഖരമാലിന്യ പരിപാലന പ്ലാന്റും മഞ്ചപ്പാലത്തെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റും സർക്കാർ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ്. മാലിന്യസംസ്‌കരണ പ്ലാന്റിനെ കുറിച്ച് മുഖ്യമന്ത്രിക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് മേയർ ഉന്നയിക്കുന്നത്. ആദ്യം കരാറെടുത്ത കമ്പനി തുക വർദ്ധിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ 17-11-2020ന് മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് ഈ കമ്പനിയെ ഒഴിവാക്കിയത്. വസ്തുത ഇതായിരിക്കെ, ഇത് മറച്ചുവെച്ചാണ് മേയർ രാഷ്ടീയ ലക്ഷ്യം വെച്ച് അപവാദ പ്രചാരണം നടത്തുന്നത്. ജയരാജൻ ആരോപിച്ചു.
എൽ.ഡി.എഫ് സർക്കാർ മുൻകൈയ്യെടുത്ത് സംസ്ഥാനമെമ്പാടും ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചതോടെ വീടുകളിലേക്ക് പാചകവാതകം എത്തിക്കുന്ന പദ്ധതി കണ്ണൂരിലും ആരംഭിച്ചു. എന്നാൽ പദ്ധതിക്ക് തടസ്സം നിൽക്കുകയാണ് കോർപ്പറേഷൻ. ഈ പദ്ധതിയുടെ പേര് പറഞ്ഞ് 9 ഡിവിഷനുകളിൽ റോഡ് നിർമാണം നിർത്തിവെച്ചു. ചില ഡിവിഷനുകളിൽ കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളിൽ ഒരു പദ്ധതിയും അനുവദിച്ചില്ല. ഇപ്പോൾ റോഡുമില്ല, ഗ്യാസുമില്ല!
കോർപ്പറേഷൻ ഓഫീസിൽ 2023 ഫെബ്രുവരി 5 ന് വിജിലൻസ് റെയ്ഡ് നടന്നു. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.
52 കോടി രൂപയാണ് സർക്കാർ ഗ്രാൻറ്. അതിനുപുറമേ തനത് വരുമാനം 24.44 കോടി രൂപ വരും. 76 1/2 കോടി രൂപ വരുമാനമുള്ള കോർപ്പറേഷനായിട്ടും മാർച്ച് മാസം പൂർത്തീകരിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കുമ്പോൾ 20 ശതമാനമാണ് പദ്ധതി ചെലവ്. കോർപ്പറേഷൻ വികസന മുരടിപ്പിലേക്കാണ്. എട്ട് സ്ഥലങ്ങളിൽ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കത്ത് കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭിന്ന ശേഷിക്കാർക്കുള്ള സംയോജിത പുനരധിവാസ പദ്ധതിയും മേൽപ്പാലവും സിറ്റി റോഡ് പദ്ധതിയും സ്‌റ്റേഡിയം നവീകരണവുമുൾപ്പെടെ സർക്കാരും എം.എൽ.എ.യും അനുവദിച്ച ഫണ്ട് പ്രകാരമുള്ള എല്ലാ പദ്ധതികൾക്കും കോർപ്പറേഷൻ തടസ്സം നിൽക്കുകയാണ്. വാതിൽപ്പടി സേവന പദ്ധതി, അതിദരിദ്രരെ കണ്ടെത്തി മൈക്രോ പ്ലാൻ തയ്യാറാക്കുന്ന പദ്ധതി, ലൈഫ് പദ്ധതി, എന്നീ സർക്കാർ പദ്ധതികൾ കണ്ണൂർ കോർപ്പറേഷനിൽ നടപ്പാക്കുന്നില്ലെന്നും ജയരാജൻ ആരോപിച്ചു.