- അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം - രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതിനോട് യോജിപ്പില്ലെങ്കിലും ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് കേരള കോൺഗ്രസ് ബി നേതാവും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. നിയമസഭയിൽ ധനവകുപ്പിന്റെ ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെ, സ്വന്തം മണ്ഡലത്തിൽ ശസ്ത്രക്രിയയ്ക്ക് തുറന്ന വയർ കൂട്ടിയോജിപ്പിക്കാനാകാത്ത സ്ത്രീയുടെ ദുരിതം വിവരിച്ചാണ് എം.എൽ.എ പൊട്ടിത്തെറിച്ചത്.
മള്ളൂർ നിരപ്പ് സ്വദേശിയായ ഒരു വിധവയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കു ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണുള്ളത്. ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്ത്രീയുടെ വയർ ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ആ സഹോദരിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കിയെന്ന് ഗണേഷ്‌കുമാർ തുറന്നടിച്ചു. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും അവർ തല്ല് ചോദിച്ചു വാങ്ങുകയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
'സംഭവമറിഞ്ഞ താൻ ആരോഗ്യ മന്ത്രിയുമായി സംസാരിക്കുകയും മന്ത്രി സൂപ്രണ്ടിനെ വിളിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം നിർദേശം നൽകിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവരെ വീണ്ടും അഡ്മിറ്റു ചെയ്യുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ല. ജനറൽ സർജറി വിഭാഗം മേധാവിയാണ് ഈ ഡോക്ടർ. പഴുപ്പ് പുറത്തേക്കൊഴുകുന്ന സ്ത്രീക്ക് വീണ്ടും ശസ്ത്രക്രിയയ്ക്കായി സൂപ്രണ്ട് പിന്നെയും ഇടപെട്ടെങ്കിലും അവർ ജീവനും കൊണ്ടോടി. പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആ സ്ത്രീ വീട്ടിൽപ്പോയി കണ്ടിരുന്നു. എന്തുകൊടുത്തെന്ന് അന്വേഷണം വരുമ്പോൾ ഞാൻ വെളിപ്പെടുത്താമെന്നും, ഇങ്ങനെയുള്ളവരെ ആളുകൾ തല്ലിയാലും കുറ്റം പറയാനാവില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
സ്ത്രീയുടെ അവസ്ഥ വിവരിക്കുന്ന വീഡിയോ ദൃശ്യം മൊബൈലിൽ ഉയർത്തിക്കാട്ടിയായിരുന്നു എം.എൽ.എയുടെ ഇടപെടൽ. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവവും ഗണേഷ്‌കുമാർ ചൂണ്ടിക്കാട്ടി. അവരുടെ മൂന്ന് ശസ്ത്രക്രിയയും സർക്കാർ ആശുപത്രിയിലായിരുന്നെന്നും, അതിനാൽ കത്രിക സർക്കാരിന്റേതു തന്നെയെന്നും ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി.
'ആ ഡോക്ടറെ കണ്ടെത്താൻ കേരള പോലീസിനെ ഏല്പിക്കണം. ശേഷം ക്രിമിനൽ കുറ്റം ചുമത്തണം. ആശുപത്രികളിലെ സെക്യൂരിറ്റിക്കാരാണ് മറ്റൊരു പ്രശ്‌നം. കണ്ണാശുപത്രിയിൽ ചെന്നാൽ എം.എൽ.എയാണെങ്കിലും അടിക്കും. ജനങ്ങളോട് മാന്യമായി പെരുമാറാൻ അവരെ പഠിപ്പിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില രാഷ്ട്രീയക്കാർ സ്വാധീനമുപയോഗിച്ച് രോഗികളെ ഡോക്ടർമാരെ കാണിക്കുന്നു. ഇക്കൂട്ടർ പണം വാങ്ങുന്നുണ്ടെന്നും ഗണേഷ്‌കുമാർ ആരോപിച്ചു. കൈക്കൂലിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഓർമിപ്പിച്ചായിരുന്നു ഗണേഷ്‌കുമാറിന്റെ സംസാരം.
ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയാണ് വാഴപ്പാറ സ്വദേശിനിയായ 48-കാരിയെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ വയറു കൂട്ടി യോജിപ്പിക്കാനാകുന്നില്ല. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനുള്ളിൽ ഏഴു തവണയാണ് ഇവരെ ശസ്ത്രക്രിയ നടത്തിയത്. വയർ തുറന്നിരിക്കുന്നതിനാൽ ഉള്ളിലെ അവയവങ്ങൾ വരെ കാണാൻ കഴിയുന്ന അവസ്ഥയാണുള്ളത്. അസഹനീയമായ വേദനയാണുള്ളതെന്നും ഇവർ പറയുന്നു. പ്രായമായ ഉമ്മയ്‌ക്കൊപ്പം കഴിയുന്ന ഇവരെ പ്രദേശവാസികളാണ് സഹായിക്കുന്നതെന്നും എം.എൽ.എ വിവരിച്ചു.
അതേസമയം എം.എൽ.എയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചു.