റിയാദ്- ഹൃദയത്തില്‍ കൃത്രിമ പമ്പുമായി കഴിയുന്ന യുവതിയുടെ പ്രസവം വിജയകരമാക്കി കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മിഡിലീസ്റ്റില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതര ഹൃദ്രോഗമുള്ളവര്‍ക്ക് പ്രസവം വളരെ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. യുവതി ഗര്‍ഭിണിയായപ്പോള്‍ തന്നെ അവര്‍ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.
സാധാരണയിലും നേരത്തെയുള്ള തീയതിയാണ് പ്രസവത്തിനായി തെരഞ്ഞെടുത്തത്. മുപ്പത്തിമൂന്നാം ആഴ്ച സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കൃത്രിമ ഹൃദയ പമ്പുമായി ജീവിക്കുന്നവര്‍ക്ക് ഗര്‍ഭധാരണം ആശാസ്യമല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.