മക്ക - മക്കയിലെ കഅ്കിയയില്‍ കാറുകളും മിനി ലോറിയും ടാങ്കറും അടക്കം 22 വാഹനങ്ങള്‍ തകര്‍ത്തത് പാക്കിസ്ഥാനിയായ മനോരോഗി. പരാക്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഷെവല്‍ കവര്‍ന്നായിരുന്നു പരാക്രമം. രണ്ടു സൗദി പൗരന്മാര്‍ക്കും ഒരുഇന്ത്യക്കാരനുമാണ് പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ഇവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെവല്‍ ഡ്രൈവറെ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു. മാനസിക രോഗിയായ 39 കാരനാണ് അറസ്റ്റിലായത്.
ഏതാനും തെരുവ് വിളക്കു കാലുകളും ഷെവല്‍ ഉപയോഗിച്ച് യുവാവ് തകര്‍ത്തു. ചില കാറുകള്‍ ഷെവല്‍ ഉപയോഗിച്ച് യുവാവ് കീഴ്‌മേല്‍ മറിച്ചിട്ടു. മറ്റു ചില വാഹനങ്ങള്‍ ഷെവല്‍ ഉപയോഗിച്ച് തകര്‍ത്തു. വെടിവെച്ച് ഷെവലിന്റെ ടയര്‍ പഞ്ചറാക്കിയും കാലിന് വെടിവെച്ച് പരിക്കേല്‍പിച്ചുമാണ് പ്രതിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാറുകളും വൈദ്യുതി പോസ്റ്റുകളും കരുതിക്കൂട്ടി തകര്‍ത്ത് ഷെവലുമായി പരാക്രമം നടത്തുന്ന ഡ്രൈവറെ കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. ട്രാഫിക് പോലീസും പട്രോള്‍ പോലീസും റെഡ് ക്രസന്റും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും സ്ഥലത്ത് കുതിച്ചെത്തി.
ഉച്ചഭാഷിണിയിലൂടെ ഷെവല്‍ നിര്‍ത്തുന്നതിന് പോലീസുകാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ച് വാഹനങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ക്കുന്നത് പാക്കിസ്ഥാനി തുടര്‍ന്നു. ഇതോടെ ഷെവലിന്റെ ടയര്‍ പോലീസുകാര്‍ വെടിവെച്ചു പഞ്ചറാക്കി. ഇതിനു ശേഷവും പരാക്രമം തുടര്‍ന്നതോടെയാണ് പ്രതിയുടെ വലതു കാലിന് പോലീസുകാര്‍ നിറയൊഴിച്ചത്. കാലിന് വെടിയേറ്റതോടെ ഷെവല്‍ നിര്‍ത്തിയ യുവാവിനെ പോലീസുകാര്‍ കീഴടക്കി. ഷെവലും സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ മുന്നില്‍ കണ്ട വാഹനങ്ങളും മറ്റു വസ്തുക്കളും ഡ്രൈവര്‍ കരുതിക്കൂട്ടി തകര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.