Sorry, you need to enable JavaScript to visit this website.

എണ്ണ കമ്പനികളുടെ ആകെ ലാഭത്തിന്റെ പകുതിയിലേറെയും അറാംകൊ വിഹിതം

റിയാദ് - ലോകത്തെ ഏറ്റവും വലിയ ആറ് എണ്ണ കമ്പനികൾ കഴിഞ്ഞ വർഷം ആകെ നേടിയ ലാഭത്തിന്റെ പകുതിയിലേറെയും സൗദി അറാംകൊ വിഹിതമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആറു എണ്ണ കമ്പനികളും കൂടി ആകെ 31,260 കോടി ഡോളറാണ് കഴിഞ്ഞ വർഷം ലാഭം നേടിയത്. ഇതിന്റെ 52 ശതമാനം സൗദി അറാംകൊ വിഹിതമാണ്. 
സൗദി അറാംകൊ കഴിഞ്ഞ വർഷം 16,110 കോടി ഡോളറാണ് ലാഭം നേടിയത്. മറ്റു വൻകിട കമ്പനികൾ 15,150 കോടി ഡോളറിന്റെ ലാഭമാണുണ്ടാക്കിയത്. ഈ അഞ്ചു കമ്പനികൾ ആകെ നേടിയ ലാഭത്തെക്കാൾ ആറു ശതമാനം കൂടുതലാണ് സൗദി അറാംകൊയുടെ അറ്റാദായം. 
അമേരിക്കൻ എണ്ണ കമ്പനികളായ എക്‌സൺ മൊബിൽ 5,570 കോടി ഡോളറും ചെവ്‌റോൺ 3,550 കോടി ഡോളറും ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ 2,050 കോടി ഡോളറും ബ്രിട്ടീഷ്, ഹോളണ്ട് കമ്പനിയായ ഷെൽ 4,230 കോടി ഡോളറും കഴിഞ്ഞ വർഷം ലാഭം നേടി. ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്ക് കഴിഞ്ഞ വർഷം 250 കോടി ഡോളർ നഷ്ടം നേരിട്ടു. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വിപണിയിൽ നിന്ന് പുറത്തുപോകേണ്ടിവന്നതാണ് ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്ക് തിരിച്ചടിയായത്. 
എക്‌സൺ മൊബിൽ കമ്പനി ലാഭത്തെക്കാൽ 189 ശതമാനവും ടോട്ടൽ കമ്പനി ലാഭത്തെക്കാൾ 686 ശതമാനവും കൂടുതലാണ് സൗദി അറാംകൊ നേടിയ ലാഭം. ആഗോള വിപണിയിൽ വില മെച്ചപ്പെട്ടതും റഷ്യ, ഉക്രൈൻ യുദ്ധത്തിന്റെ ഫലമായി റഷ്യയിൽ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞതിനെ തുടർന്ന് വിൽപന ഉയർന്നതും എണ്ണ കമ്പനികൾക്ക് പ്രയോജനപ്പെട്ടു. സൗദി അറാംകൊക്ക് കഴിഞ്ഞ വർഷം റെക്കോർഡ് ലാഭമാണുണ്ടായത്.  ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 60,400 കോടി റിയാൽ ലാഭം നേടി. 2021 ൽ കമ്പനി അറ്റാദായം 41,200 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം കമ്പനി ലാഭം 46.5 ശതമാനം തോതിൽ വർധിച്ചു. എണ്ണ വില ഉയർന്നതും വിൽപന നടത്തിയ എണ്ണയുടെ അളവ് വർധിച്ചതും സംസ്‌കരണ മേഖലയിൽ നിന്നുള്ള ലാഭം ഉയർന്നതും കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിയെ സഹായിച്ചു. ഭാവിയിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ച് എണ്ണ, ഗ്യാസ് ഉൽപാദന ശേഷി വർധിപ്പിക്കാനും സംസ്‌കരണ, കെമിക്കൽ, വിപണന മേഖലകളിൽ പ്രവർത്തനം ശക്തമാക്കാനും കമ്പനി ശ്രമം തുടരുകയാണ്. 

Latest News