അബുദാബി- ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലും സിറിയയിലും അയക്കാന്‍ ദുരിതാശ്വാസ സാമഗ്രികള്‍ പായ്ക്ക് ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവേശമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് ഹംദാന്‍ എന്നിവരും യുവ രാജകുടുംബാംഗങ്ങളും.
ഭൂകമ്പത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്കായി 15,000 പെട്ടികള്‍ സഹായങ്ങള്‍ പാക്ക് ചെയ്യാന്‍ അരീന ഹാളില്‍ ഒത്തുകൂടിയ 2,000 സന്നദ്ധപ്രവര്‍ത്തകരോടൊപ്പമാണ് രാജകുടുംബത്തിലെ കുട്ടികള്‍ ചേര്‍ന്നത്.
ദുരിതാശ്വാസ സാമഗ്രികള്‍ പായ്ക്ക് ചെയ്യാന്‍ അവര്‍ സഹായിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സാധനങ്ങള്‍ പെട്ടികളില്‍ നിറച്ചു.
'ശൈഖ് മുഹമ്മദിന്റെ വരവ് ഞങ്ങളെ ആവേശഭരിതരാക്കിയെന്ന് ഇന്ത്യന്‍ പ്രവാസിയും സന്നദ്ധ പ്രവര്‍ത്തകയുമായ സജ്‌ന അബ്ദുള്ള പറഞ്ഞു. ആദ്യമായി അദ്ദേഹത്തെ നേരിട്ട് കണ്ടതു അവിശ്വസനീയമായിരുന്നു. ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് എട്ട് മുതല്‍ ഒമ്പത് വരെ ടേബിളുകളിലൂടെ ദുബായ് ഭരണാധികാരി നടന്നു, അത് ഞങ്ങള്‍ക്കെല്ലാം വളരെ പ്രോത്സാഹജനകമായിരുന്നു. ഞങ്ങള്‍ ആവേശഭരിതരായി, ഞങ്ങള്‍ക്ക് ഫോണുകള്‍ താഴെ വെക്കാന്‍ പറ്റിയില്ല. വീഡിയോയും ചിത്രങ്ങളും ഞങ്ങള്‍ ചിത്രീകരിച്ചു- അവര്‍ പറഞ്ഞു.