റിയാദ്-വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തരേന്ത്യക്കാരന്റെ മോചനത്തിനുവേണ്ടി രംഗത്തുവന്ന സൗദി പൗരന് അഭിനന്ദന പ്രവാഹം. റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍ഹസാത്ത് റോഡില്‍ നടന്ന അപകടത്തില്‍ സൗദി യുവാവും കുടുംബവും മരിച്ച കേസില്‍ അല്‍ഹസാത്ത് ജയിലില്‍ കഴിയുന്ന അവദേശ് സാഗറിന്റെ മോചനത്തിനാണ് റിയാദ് സ്വദേശിയായ ഹാദി ബിന്‍ ഹമൂദ് ബിന്‍ ഹാദി അല്‍ഖഹ്താനിയുടെ ഇടപെടല്‍.
സാമൂഹിക മാധ്യമങ്ങള്‍ വഴി അവദേശിന്റെ മോചനത്തിന് 9,55,000 റിയാല്‍ മോചനദ്രവ്യം കണ്ടെത്തിയ ഇദ്ദേഹം റിയാദ് ഗവര്‍ണറേറ്റ് വഴി കുടുംബത്തിന് പണം കൈമാറി അവദേശിനെ ഉടന്‍ മോചിപ്പിക്കും.
2021 മെയ് 14 നാണ് കേസിനാസ്പദമായ സംഭവം. ബീശക്കും മുസാഹ്മിയക്കുമിടയില്‍ അല്‍ഹസാത്ത് റോഡിലെ ഖൈമില്‍ അവദേശ് ഓടിച്ചിരുന്ന വെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന പിക്കപ്പിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് റോഡില്‍ നിന്ന് തെറിച്ചുപോവുകയും െ്രെഡവറും അദ്ദേഹത്തിന്റെ മാതാവും രണ്ടു സഹോദരിമാരും മരിക്കുകയും ഒരു സഹോദരി പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന ഇദ്ദേഹത്തിന് ലൈസന്‍സോ വാഹനത്തിന് ഇന്‍ഷുറന്‍സോ ഉണ്ടായിരുന്നില്ല. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇദ്ദേഹത്തിനാണെന്നായിരുന്നു ട്രാഫിക് പോലീസ് റിപ്പോര്‍ട്ട്.
കേസ് അല്‍ഖുവയ്യാ പബ്ലിക് കോടതിയിലെത്തുകയും കോടതി മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് 7,50,000 റിയാലും പരിക്കേറ്റ സ്ത്രീക്ക് 1,55,000 റിയാലും നല്‍കാന്‍ ഉത്തരവിട്ടു. പണം നല്‍കുന്നത് വരെ ഇദ്ദേഹത്തെ അല്‍ഹസാത്ത് ട്രാഫിക് ജയിലിലേക്ക് അയച്ചു. ഭാര്യ സുശീല ദേവിയും 10 മക്കളുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടുപോലുമുണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ രണ്ട് പെണ്‍കുട്ടികള്‍ മരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ രക്ഷിക്കുന്നതിന് അവദേശിന്റെ കുടുംബം സര്‍ക്കാറുകളെയും മറ്റും സമീപിച്ചു. ഒരു ഫലവുമുണ്ടായിരുന്നില്ല.
ഇതിനിടെ ചില പോലീസുകാര്‍ വഴി ഇദ്ദേഹത്തിന്റെ വിവരം സൗദി സാമൂഹിക പ്രവര്‍ത്തകനായ ഹാദി അല്‍ഖഹ്താനി അറിഞ്ഞത്. ജയിലില്‍ ചെന്ന് അവദേശിനെ കണ്ട് വിശദവിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം അല്‍ഹസാത്ത് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്റെ മോചനദ്രവ്യത്തിന് വേണ്ടിയെന്ന പേരില്‍ സംഭാവന പിരിക്കുന്ന കാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങി. റിയാദ് ഗവര്‍ണറേറ്റിന്റെ അനുമതിയോടെ അല്‍റാജ്ഹി ബാങ്കില്‍ അക്കൗണ്ടും തുറന്നു. പത്ത് ദിവസം കൊണ്ട് ഉദ്ദേശിച്ച പണം ലഭിച്ചതോടെ അക്കൗണ്ട് ക്ലോസ് ചെയ്തു. ആവശ്യമായ പണം ലഭിച്ചിട്ടുണ്ടെന്നും സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞ് പിന്നാലെ അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തു. ഗവര്‍ണറേറ്റിലെ നടപടികള്‍ പൂര്‍ത്തിയാക്കി പണം മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം അവദേശിനെ മോചിപ്പിച്ച് നാട്ടിലേക്ക് അയക്കും.
ഇന്ത്യക്കാരന് വേണ്ടി സൗദി പൗരന്മാര്‍ നടത്തുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തെ അസീറിലെ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് കുറ്റിച്ചലാണ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ ട്വിറ്ററില്‍ ശിഹാബ് കൊടുക്കാട് അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അഭിനന്ദനം അറിയിക്കുന്നുണ്ട്. മോചനദ്രവ്യത്തിന് കഷ്ടപ്പെടുന്ന ഒരു ഇന്ത്യക്കാരനോട് ഇത്ര അനുകമ്പ കാണിക്കുന്ന ധാരാളം സൗദി പൗരന്മാരുണ്ടെന്ന തിരിച്ചറിവാണ് ഇത് കാണിക്കുന്നതെന്ന് അശ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.