ജിദ്ദ-റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കേരള പോലീസ് സൗദിയിൽനിന്ന് പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഇതിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയായ മറ്റൊരാൾ. മലപ്പുറം മോങ്ങം സ്വദേശി ഹനീഫയെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി ക്രൈം ബ്രാഞ്ച് സംഘം റിയാദിൽനിന്ന് കോഴിക്കോട് എത്തിച്ചു റിമാന്റ് ചെയ്തിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കൊപ്പം മലപ്പുറം മോങ്ങത്തുള്ള മറ്റൊരു ഹനീഫയുടെ ചിത്രമെടുത്ത് പ്രചരിപ്പിക്കുകയാണ് ചിലർ ചെയ്തത്. മോങ്ങം സ്വദേശിയും ഇപ്പോൾ മങ്കട പളളിപ്പുറത്ത് താമസക്കാരനുമായ കറുത്തേടത്ത് മുഹമ്മദ് ഹനീഫയുടെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിച്ചത്. കറുത്തേടത്ത് മുഹമ്മദ് ഹനീഫയുടെ ചിത്രം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിൽനിന്ന് ഡൗൺലോഡ് ചെയ്താണ് കൊലക്കേസിൽ പ്രതിയായ ഹനീഫയുടെ ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചത്. കേസിലെ യഥാർത്ഥ പ്രതിയുടെ പുതിയ ചിത്രം ലഭ്യമായിരുന്നില്ല. അതോടെ മോങ്ങത്തുള്ള കറുത്തേടത്ത് ഹനീഫയുടെ ചിത്രം ചിലർ വാട്‌സാപ്പുകളിലും ഫെയ്‌സ്ബുക്കുകളിലും പ്രചരിപ്പിക്കുകയായിരുന്നു. ഇതു പുറത്തുന്നതോടെ കറുത്തേടത്ത് ഹനീഫക്ക് നിൽക്കപ്പൊറുതി ഇല്ലാതായി. നൂറു കണക്കിനാളുകളാണ് ഹനീഫയെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കുന്നത്. ജിദ്ദയിൽ ജോലി സമയത്തും അല്ലാത്തപ്പോഴും ഹനീഫയുടെ ഫോണിലേക്ക് നിർത്താതെ വിളികൾ വരികയാണ്. 2010-മുതൽ സൗദിയിൽ പ്രവാസിയാണ് ഹനീഫ. ഇരുപതു കൊല്ലം മുമ്പാണ് മോങ്ങത്തുനിന്ന് മങ്കടയിലേക്ക് താമസം മാറിയത്.
വയനാട് വൈത്തിരിയിൽ റിസോർട്ട് ഉടമയെ കൊന്ന കേസിൽ സൗദി അറേബ്യയിൽ പിടിയിലായ വയനാട് സ്വദേശിയെ ശനിയാഴ്ച രാത്രി 11: 55 നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലേക്ക് കൊണ്ടുപോയത്. റിയാദ് ഡീപോർട്ടേഷൻ സെന്ററിൽനിന്ന് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തിലെത്തിച്ച പ്രതിയെ കേരളത്തിൽ നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു.
17 വർഷം മുമ്പ് വൈത്തിരി തളിപ്പുഴ ജംഗിൾ പാർക്ക് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിൽ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഫ. കേസിൽ പിടിയിലായ സമയത്ത് ഇയാളുടെ രേഖകൾ മലപ്പുറം മോങ്ങത്തായിരുന്നു. ഇതാണ് വാർത്തകളിലും രേഖകളിലും മോങ്ങം സ്വദേശി എന്നു വരാൻ ഇടയാക്കിയത്. മുപ്പതുവർഷം മുമ്പാണ് ഇയാൾ മോങ്ങത്തുനിന്ന് വയനാട്ടിലേക്ക് മാറിയത്.
2006 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി അബ്ദുൽ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഡ്രൈവർ ശിവനെയും മർദ്ദിച്ചിരുന്നു. ഇരുവരും മരിച്ചെന്ന് കരുതിയാണ് നൂറാംതോട് ഭാഗത്ത് കൊക്കയിലേക്ക് തള്ളിയത്. എന്നാൽ ഡ്രൈവർ രക്ഷപ്പെട്ടത് കേസിൽ നിർണായക തെളിവായി. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ നവംബറിൽ സൗദി ഖത്തർ അതിർത്തിയായ സൽവയിൽ ഇന്റർപോളിന്റെ സഹായത്തോടെ സൗദി പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു. ഖത്തറിൽ നിന്ന് ഹയാ കാർഡ് മുഖേന സൗദിയിലേക്ക് വരാൻ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് സൽവാ ജയിലിൽ നിന്ന് റിയാദിലേക്ക് കൊണ്ടുവന്നത്. സൗദി സുരക്ഷാസേന ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം വഴി കേരള പോലീസിനെ വിവരം അറിയിച്ചു. പ്രതിയെ കേരളത്തിലെത്തിക്കാൻ ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി, ഇൻസ്‌പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തിയിരുന്നു. ദീർഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാൾ ഒരു തവണ നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്‌തെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്റർപോളിന്റെ സഹായത്തോടെ ഗൾഫിൽ അന്വേഷണം ശക്തമാക്കിയത്.
കരീമിന്റെ റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവർഗീസായിരുന്നു ക്വട്ടേഷൻ നൽകിയത്. ബിസിനസിലെ തർക്കത്തെതുടർന്ന് ഗുണ്ടകളുമായെത്തി ബാബുവർഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവർഗീസ് റിമാൻഡിലാവുകയും ചെയ്തു. ഈ വിരോധത്തിലായിരുന്നു ക്വട്ടേഷൻ നൽകിയത്. കേസിലെ 11 പ്രതികളിൽ ഒരാൾ മരിച്ചു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ച പ്രതിയാണിദ്ദേഹം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)