അബുദാബി- മാര്‍ച്ച് 31 നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 2023 ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. എന്നാല്‍ പ്രവാസികള്‍ക്ക് ഇത് ബാധകമല്ല. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍പ്പെടാത്ത കാര്‍ഡ് ഉടമകളാണ് മാര്‍ച്ച് 31 മുമ്പ് പാന്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത്.
ആദായനികുതി നിയമം അനുസരിച്ച് പ്രവാസികള്‍ ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍പ്പെടുന്നു. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളെയാണ് പട്ടികയില്‍നിന്നു ഒഴിവാക്കിയിരിക്കുന്നത്.
1961 ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയായ ആള്‍, ഇന്ത്യന്‍ പൗരന്‍മാരല്ലാത്തവര്‍, എണ്‍പത് വയസ്സ് പൂര്‍ത്തിയായവര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.