Sorry, you need to enable JavaScript to visit this website.

വിവാഹ വസ്ത്രമെടുക്കാനെത്തിയ യുവതിയെ കടത്താനുളള  കാമുകന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു

തൊടുപുഴ- വിവാഹം നിശ്ചയിച്ച യുവതിയെ കടത്താൻ കാമുകന്റെ ശ്രമം.  നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വിവാഹ വസ്ത്രങ്ങളെടുക്കാനെത്തിയ സംഘത്തിൽനിന്നുമാണ്  പ്രതിശ്രുത വധുവിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. യുവതിയെ കടത്തിക്കൊണ്ടു പോകാനെത്തിയ കാമുകൻ ഉൾപ്പെടെയുള്ള യുവാക്കളെയും ഇവർക്ക് ഒത്താശ ചെയ്ത സുഹൃത്തുക്കളേയും  നാട്ടുകാർ കൈകാര്യം ചെയ്തു. സംഘർഷത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും മർദനമേറ്റു.   
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു പുളിമൂട്ടിൽ സിൽക്ക്സിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.ഉടുമ്പന്നൂർ സ്വദേശിയായ പെൺകുട്ടിയുടെയും  പാലക്കുഴ സ്വദേശിയായ  യുവാവിന്റെയും വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എട്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. യുവാവ് പിന്നീട് വിദേശത്ത് പോയി. ഈ സമയത്താണ് യുവതി ഈരാറ്റുപേട്ട സ്വദേശിയായ കാമുകനുമായി അടുപ്പത്തിലായത്. ഇതിനിടെ പാലക്കുഴ സ്വദേശിയുമായി   കഴിഞ്ഞ മാസം 20ന്  വിവാഹ നിശ്ചയം നടന്നു. യുവതിയിൽ നിന്നും  വിവരം അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ യുവാവ്  ജോലി ചെയ്തിരുന്ന ഗുജറാത്തിൽ നിന്നും  എത്തിയാണ് യുവതിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.   
 കല്യാണസാരി ഉൾപ്പെടെയുള്ള വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ പ്രതിശ്രുത വരനും വധുവും വ്യാപാര സ്ഥാപനത്തിൽ എത്തിയപ്പോഴാണ് കാമുകനുൾപ്പെട്ട യുവാക്കളുടെ സംഘം എത്തിയത്.  യുവതിയുടെ ബന്ധുക്കൾ ഇതു ചോദ്യം ചെയ്തതോടെ തങ്ങൾ വർഷങ്ങളായി പ്രണയത്തിലാണെന്നും പെൺകുട്ടി അറിയിച്ചതനുസരിച്ചാണ് എത്തിയതെന്നും ഇവർ പറഞ്ഞു. ഇവരെ  തടയാൻ  ശ്രമിച്ച യുവതിയുടെ ബന്ധുക്കളെയും  കടയിലെ ജീവനക്കാരെയും യുവാക്കൾ മർദിച്ചു. 
ഇതിനിടെ യുവാക്കൾക്കൊപ്പമെത്തിയവരും  പുറമെ നിന്ന് ഓട്ടോക്കാരും  എത്തിയതോടെ വ്യാപാര സ്ഥാപനത്തിൽ കൂട്ടയടിയായി.  സ്ഥാപന അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. സ്ഥാപനത്തിലും റോഡിലും സംഘർഷമുണ്ടാക്കിയതിനാണ് ആറു പേർക്കെതിരെ കേസെടുത്തതെന്ന്  എസ്.ഐ വി. സി വിഷ്ണുകുമാർ പറഞ്ഞു.  യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തൊടുപുഴയിലെ ഷെൽട്ടർ ഹോമിലേക്കു മാറ്റി.
 

Latest News