തിരുവനന്തപുരം- കുടിശ്ശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വൈദ്യുതി വിഛേദിച്ചതു മൂലം
വിദ്യാര്‍ഥി കൂടിയയാ സംരംഭകന് നഷ്ടം 1,12,300 രൂപ. ഐസ്‌ക്രീം കടയുടെ വൈദ്യുതിയാണ് അറിയിപ്പൊന്നും നല്‍കാതെ കെഎസ്ഇബി വിച്ഛേദിച്ചതെന്ന് വൈദ്യുതി മന്ത്രിക്കു നല്‍കിയ പരാതിയില്‍ സംരംഭകനായ രോഹിത് എബ്രഹാം പറഞ്ഞു. വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ഐസ്‌ക്രീം നശിച്ചാണ് ഇത്രയും നഷ്ടം.
രോഹിത്തിന്റെ കൊല്ലത്തെ കടയുടെ വൈദ്യുതിയാണ് കെഎസ്ഇബി വിച്ഛേദിച്ചത്. ബെംഗളൂരുവില്‍ പടനം തുടരുന്ന രോഹിത്ത് പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഐസ്‌ക്രീം കട തുടങ്ങിയത്. ആദ്യം അമ്മയുടെ വഴുതക്കാടുള്ള കടയോടു ചേര്‍ന്നാണ് ഐസ്‌ക്രീം കടയിട്ടത്. പിന്നീട് വര്‍ക്കലയിലും കൊല്ലത്തും കടകള്‍ ആരംഭിച്ചു. ബെംഗളൂരുവില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ രോഹിത്തിനു തന്നെയാണ് കച്ചവടത്തിന്റെ മേല്‍നോട്ടം.
മൂന്നു ദിവസം മുമ്പാണു കൊല്ലത്തെ കടയുടെ വൈദ്യുതി വിച്ഛേദിച്ചതായി കാണുന്നത്. കെട്ടിടത്തിലെ ഓരോ കടക്കും പ്രത്യേകം മീറ്ററുണ്ട്. കടയുടെ ഒരു വശത്തായാണ് മീറ്ററുകള്‍. വൈദ്യുതി വിച്ഛേദിച്ചതാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല. അന്വേഷിച്ചപ്പോഴാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതാണെന്ന് മനസ്സിലായത്. വൈദ്യുതി വിച്ഛേദിക്കുന്നതിനു മുന്‍പ് കെഎസ്ഇബി ജീവനക്കാര്‍ കടക്കാരെ വിവരം അറിയിച്ചില്ലെന്ന് പറയുന്നു. എന്നാല്‍ മുമ്പ് കട നടത്തിയിരുന്നയാളുടെ മൊബൈല്‍ നമ്പറിലേക്ക് കെഎസ്ഇബിയുടെ സന്ദേശം വന്നിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വൈദ്യുതി മുടങ്ങിയതിനാല്‍ പുതിയ സ്‌റ്റോക്കായി വന്ന ഐസ്‌ക്രീമെല്ലാം രൂപമാറ്റം വന്നു വില്‍പ്പനക്ക് യോഗ്യമല്ലാതായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)