ഡി.എം.കെയും മുസ്‌ലിം ലീഗും പിന്തുടരുന്നത് സാമൂഹിക നീതിയിൽ അടിയുറച്ച രാഷ്ട്രീയമാണെന്ന് ലീഗ് സമ്മേളന ആവേശം തന്നിലേക്ക് ആവാഹിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുത്തു പറഞ്ഞപ്പോൾ സമ്മേളന ഹാളിൽ കണ്ട ആരവം വലിയ പ്രതീക്ഷയാണ് സംഘടനക്ക് നൽകിയത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണ് സ്റ്റാലിൻ പറഞ്ഞത്. അതിനായി ഒറ്റക്കെട്ടായി നിൽക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുമുണ്ട്.
ഏഴര പതിറ്റാണ്ടിനു ശേഷം മുസ്ലിം ലീഗ് എന്ന സംഘടന പിറവികൊണ്ട വേദിയിലേക്കു തിരിച്ചെത്തിയപ്പോൾ അത് പാർട്ടിയുടെ ചരിത്രത്തിലെ മറക്കാനാകാത്ത അനുഭവമായി. 1948 മാർച്ച് 10 ബുധനാഴ്ചയായിരുന്നു ചരിത്ര പ്രസിദ്ധമായ ആ സംഭവം- ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ രൂപീകരണം. ഈ സമ്മേളനം നടന്ന രാജാജി ഹാളിൽ തന്നെ പ്ലാറ്റിനം ജൂബിലി നടത്താൻ തീരുമാനിച്ചത് തന്നെ നല്ല ഭാവനയായി. അതിലുമെത്രയോ പ്രധാനമാണ് സ്റ്റാലിൻ ഭരിക്കുന്ന തമിഴ്‌നാട്ടിൽ സമ്മേളനം നടന്നുവെന്നത്. സ്റ്റാലിനും ലീഗുമായുള്ള ബന്ധം ചരിത്രത്തിന്റെ വേരിറക്കമുള്ളതാണ്. പിതാവ് കരുണാനിധിയുമായി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിനും പ്രത്യേകിച്ച് സ്ഥാപകൻ മുഹമ്മദ് ഇസ്മായിൽ സാഹിബിനുമുള്ള ബന്ധം പ്രസിദ്ധമായിരിന്നു. ഇസ്മായിൽ സാഹിബിനെ ദ്രാവിഡ കക്ഷികൾ അവരുടെയും തലൈവറായാണ് കണ്ടിരുന്നത്.
സമ്മേളനം നടന്ന രാജാജി ഹാളിനുമുണ്ടായിരുന്നു പ്രത്യേകത. മഹാത്മജി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വിശേഷിപ്പിച്ച രാജഗോപാലാചാരി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും മദിരാശി മുഖ്യമന്ത്രിയുമായിരുന്നു. ഖാഇദെ മില്ലത്തിനെ ഹൃദയതുല്യം സ്‌നേഹിച്ച വ്യക്തി. അനിയനായാണ് മഹാനായ രാജാജി ഇസ്മായിൽ സാഹിബിനെ കണ്ടിരുന്നത്. തമ്പി എന്നായിരുന്നു ഇസ്മായിൽ സാഹിബിനെ രാജാജി വിളിച്ചിരുന്നതെന്ന് ആ ചരിത്രമറിയുന്നവർ എഴുതിയിട്ടുണ്ട്. 'എന്ന തമ്പി' വിശേഷം എന്ന മുഖവുരയിൽ അവർ സ്‌നേഹം പങ്കിട്ടു. തമ്പി വിളി തമിഴ് സമൂഹത്തിന് എത്ര പ്രധാനമാണെന്ന് ആ സമൂഹവുമായി ഇടപഴകിയവർക്കറിയാം. തലയെണ്ണി തങ്ങളുടെ ഭരണാധികാരികളെ നിശ്ചയിക്കുന്ന ഒരു രാജ്യത്ത് മതന്യൂന പക്ഷങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ മുന്നോട്ടുള്ള സഞ്ചാരത്തിൽ ഈ പറഞ്ഞ ബന്ധങ്ങളും മുത്തുവേൽ കരുണാനിധയുമായുള്ള ബന്ധവുമെല്ലാം എന്തു മാത്രം പ്രയോജനപ്പെട്ടിരിക്കുമെന്ന് അളന്നു നോക്കുക അസാധ്യം.
രാജാജിയുമായി ഇസ്മായിൽ സാഹിബിനുണ്ടായിരുന്ന ബന്ധവും അന്നത്തെ കാലത്ത് സർക്കാർ അതിഥി മന്ദിരമായിരുന്ന രാജാജി ഹാൾ ലീഗ് സമ്മേളനത്തിന് അനുവദിച്ചു കിട്ടാൻ കാരണമായിരിക്കാം. സമ്മേളനം നടന്നാൽ ലീഗ് പിരിച്ചുവിടാൻ പ്രമേയം പാസാക്കാം എന്നായിരുന്നു പലരും ധരിച്ചത്. പക്ഷേ അന്ന് സംഭവിച്ചത് അതല്ല. ഇസ്മായിൽ സാഹിബിന്റെ ഉറച്ച നിലപാടിനൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും നിലയുറപ്പിച്ചു ചരിത്രം തിരുത്തി.
ഒരു സമ്മേളനം നടത്താൻ സ്ഥലത്തിനായി ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് അന്ന് അലയാത്ത സ്ഥലങ്ങളില്ല. കാരണം വിഭജനത്തിന്റെ പേരിൽ ലീഗിനെ കടന്നാക്രമിക്കുന്നവരായിരുന്നു അധികവും എന്നത് തന്നെ- ഇസ്‌ലാമോഫോബിയയുടെ ആദി രൂപം. സർക്കാർ അതിഥി മന്ദിരത്തിൽ അന്ന് സ്ഥലം കിട്ടാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു- ലീഗിന് അസംബ്ലിയിലുണ്ടായിരുന്ന അംഗ സംഖ്യ. രാഷ്ട്രീയ ശക്തിയുടെ പേരിൽ കിട്ടുന്ന ആദ്യ പ്രയോജനം എന്നു പറയാം.
അങ്ങനെയാണ് രാജാജി ഹാൾ എന്ന് ഇന്നറിയപ്പെടുന്ന സർക്കാർ അതിഥി മന്ദിരത്തിൽ മുസ്‌ലിം ഇന്ത്യയുടെ പുതു ചരിത്രമെഴുതാനുള്ള വേദിയായി മാറിയത്.
സ്വതന്ത്ര ഇന്ത്യയിൽ ഇനി മുസ്‌ലിം ലീഗ് വേണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു അന്ന് തർക്കവിഷയം. മുസ്‌ലിം ലീഗ് പിരിച്ചുവിടണം എന്നായിരുന്നു എല്ലാവരുടെയും വാദം. മുഹമ്മദ് റസാഖാൻ ഇസ്‌ലാമിക ചരിത്രമൊക്കെ എടുത്തുദ്ധരിച്ച് നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. മുസ്‌ലിം ലീഗ് ഇനി വേണ്ട എന്നു തന്നെയായിരുന്നു ഈ പ്രസംഗങ്ങളുടെയെല്ലാം സാരം. ഇതിനെ ഖണ്ഡിക്കാൻ കേരളത്തിൽ നിന്നൊരു സിംഹ ശബ്ദമുണ്ടായിരുന്നു- മത പണ്ഡിനും ബഹു ഭാഷാ ജ്ഞാനിയുമായിരുന്ന അരീക്കോട്ടു കാരൻ എൻ.വി. അബ്ദുസ്സലാം മൗലവി. അദ്ദേഹത്തിന് സർവേന്ത്യ ലീഗിലെ മുടി ചൂടാമന്നന്മാരുമായെല്ലാം അടുത്ത ബന്ധമുണ്ടായിരുന്നു. ഇംഗ്ലീഷിലും ഉറുദുവിലുമെല്ലാം അവഗാഹമുള്ള വിശുദ്ധ ഖുർആൻ പണ്ഡിതൻ കൂടിയായ മൗലവി സാഹിബിന് തന്റെ ഭാഗം പറയാൻ മറ്റാരുടെയും സഹായം ആവശ്യമില്ലായിരുന്നു.
മലബാറിലെ മുസ്‌ലിം ലീഗിന്റെ അമരക്കാരനായിരുന്ന സത്താർ സേട്ട് സാഹിബ് പോലും മുസ്‌ലിം ലീഗ് ഇനിയങ്ങോട്ട് ഒരു സാംസ്‌കാരിക സംഘടനയായി പ്രവർത്തിച്ചാൽ മതിയെന്ന അഭിപ്രായക്കാരനായിരുന്നുവെന്നോർക്കണം. പത്ത് മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചക്കൊടുവിൽ, സ്വതന്ത്ര ഇന്ത്യയിൽ മുസ് ലിം ലീഗ് രാഷ്ട്രീയ സംഘടനയായി നില നിൽക്കണോ വേണ്ടയോ എന്നതിന് വോട്ടിംഗ് നടത്താൻ തീരുമാനമായി.
മലബാറിൽ നിന്നുള്ള പി.കെ. മൊയ്തീൻ കുട്ടി സാഹിബായിരുന്നു മുസ്‌ലിം ലീഗ് രാഷ്ട്രീയ കക്ഷിയായി നിലനിൽക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. യോഗത്തിൽ പങ്കെടുത്ത 51 പേരിൽ 37 പേർ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു14 പേർ എതിർത്തു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പ്രസിഡന്റും വിജയവാഡയിലെ മെഹബൂബ് അലി ബേഗ് ജന.സെക്രട്ടറിയും മുംബൈയിലെ ഹസനലി പി. ഇബ്രാഹിം ട്രഷററുമായിട്ടാണ് പ്രഥമ കമ്മിറ്റി നിലവിൽ വന്നത്. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബായിരുന്നു ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി.
ചരിത്രത്തിന്റെ തനിയാവർത്തനമെന്ന് പറയാനാകില്ലെങ്കിലും കുറ്റിപ്പുറത്തിന്റെ ജന പ്രതിനിധിയായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇപ്പോൾ സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറി. പി.കെ. മൊയ്തീൻ കുട്ടി സാഹിബിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയിലെത്തിയ മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രം പൂർത്തീകരിച്ച സമ്മേളനം സംഘാടന മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ചെന്നൈയിലെ സമ്മേളന നടത്തിപ്പിൽ തിളങ്ങിയ ലീഗിന് മുന്നിൽ ഇനിയുള്ള വെല്ലു വിളി സമ്മേളന തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ്. സമ്മേളനത്തിന് പ്രമുഖ മലയാള പത്രങ്ങൾ അത്യസാധാരണമായ പ്രാമുഖ്യമാണ് നൽകിയത്. തുടക്ക ദിവസമുൾപ്പെടെ പത്ര പേജുകൾ സമ്മേളന വാർത്തകളും ലേഖനങ്ങളും കൊണ്ട് നിറഞ്ഞു.
ഏഴര പതിറ്റാണ്ടിന് മുമ്പ് ഇനി ഒരടി മുന്നോട്ട് പോകാൻ എന്ത് വഴി എന്ന വേവലാതിയായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം സമാപിച്ച സമ്മേളനത്തിന്റെ ചിത്രം മറ്റൊന്നാണ്. രാജാജി ഹാളിലെ സമ്മേളനത്തിന്റെ ചിത്രം ഒരു മലയാള പത്രത്തിന്റെ ലേഖകൻ ഇനി പറയും വിധം മനോഹരമായി പകർത്തി ഓർമകൾ തക്ബീർ മുഴക്കി, ആവേശം സിന്ദാബാദ് വിളിച്ചു.
ഡി.എം.കെയും മുസ്‌ലിം ലീഗും പിന്തുടരുന്നത് സാമൂഹിക നീതിയിൽ അടിയുറച്ച രാഷ്ട്രീയമാണെന്ന് ലീഗ് സമ്മേളന ആവേശം തന്നിലേക്ക് ആവാഹിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുത്തു പറഞ്ഞപ്പോൾ സമ്മേളന ഹാളിൽ കണ്ട ആരവം വലിയ പ്രതീക്ഷയാണ് സംഘടനക്ക് നൽകിയത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണ് സ്റ്റാലിൻ പറഞ്ഞത്. അതിനായി ഒറ്റക്കെട്ടായി നിൽക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുമുണ്ട്.
1967 ൽ തമിഴ്നാട്ടിൽ ദ്രാവിഡ സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ അണ്ണാദുരൈയോടൊപ്പം നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബെന്ന ചരിത്രത്തിലേക്കൊക്കെ ചെന്നെത്തിയ സ്റ്റാലിൻ സദസ്സിന്റെ ഹൃദയം കവർന്നത് സ്വാഭാവികം.
പ്രതിപക്ഷ ഐക്യത്തിന്റെ അനുകരിക്കാവുന്ന മാതൃകയാണ് തമിഴ്നാടെന്നു ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇതേ വേദിയിൽ ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിന് ആമുഖ വാചകമെഴുതിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് വളരുന്നതിന് ആവേശകരമായ തുടക്കമാണ് ലീഗിന് ചെന്നൈയിൽ ലഭിച്ചത്. അനുകൂല സാഹചര്യം എങ്ങനെ ഉപയോഗിക്കും എന്നത് അവരുടെ വെല്ലു വിളിയും.