മഡ്രീഡ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ വിവാദങ്ങളോട് റയൽ മഡ്രീഡ് നായകൻ സെർജിയൊ റാമോസ് ആദ്യമായി പ്രതികരിച്ചു. ലിവർപൂൾ മുഹമ്മദ് സലാഹിനെ വീഴ്ത്തിയതിന് കനത്ത വിമർശനം നേരിടുകയാണ് റാമോസ്. സലാഹാണ് തന്നെ ആദ്യം പിടിച്ചുവലിച്ചതെന്ന് റാമോസ് വാദിച്ചു. സലാഹിന് വേണമെങ്കിൽ വേദനാസംഹാരി കുത്തിവെച്ച് കളിക്കാമായിരുന്നുവെന്നും റാമോസ് പറഞ്ഞു.
ചുമലിടിച്ച് വീണ സലാഹ് ലോകകപ്പിന് മുമ്പ് കായികക്ഷമത നേടാൻ തീവ്രയത്‌നത്തിലാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിന്ന് സലാഹിന് പിന്മാറേണ്ടി വന്നത് ലിവർപൂളിന്റെ മുന്നേറ്റത്തെ നിർണായകമായി ബാധിച്ചിരുന്നു. മത്സരത്തിൽ ലിവർപൂൾ ഗോളി ലോറിസ് കാരിയൂസിനെ കൈമുട്ട് കൊണ്ട് കുത്തിയെന്ന ആരോപണവും റാമോസ് നേരിടുന്നുണ്ട്.
സലാഹിന് താൻ സന്ദേശമയച്ചിരുന്നുവെന്നും താരത്തിന് പ്രയാസമൊന്നുമില്ലെന്നും റാമോസ് പറഞ്ഞു. നാലാം ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് ഡിഫന്റർ.