Sorry, you need to enable JavaScript to visit this website.

ബോംബ് നിർമ്മാണത്തിനിടെ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം; അന്വേഷണം തുടങ്ങി

കണ്ണൂർ-ബോംബ് നിർമ്മാണത്തിനിടെയുണ്ടായ  സ്‌ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകനും  ഭാര്യക്കും പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. കാക്കയങ്ങാട് ആയിചോത്ത് മുക്കോലപറമ്പത്ത് എ.കെ.സന്തോഷ് (32),  ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. 
കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സംഭവം. ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ അടുക്കള ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. അവർ മറ്റൊരു മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
2018 ൽ സമാനരീതിയിൽ വീട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തിൽ  സന്തോഷിന്റെ വിരലുകൾ അറ്റുപോയിരുന്നു. ഈ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്. 
പോലീസ് നടത്തിയ വിശദാന്വേഷണത്തിലാണ്  കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യാശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നതെന്ന് കണ്ടെത്തിയത്. അവിടെയെത്തി ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. വീട്ടിൽ സൂക്ഷിച്ച പടക്കമാണ് പൊട്ടിയതെന്നാണ് ഇരുവരും മൊഴി നൽകിയത്. വിഷു കണക്കിലെടുത്ത് വീട്ടിൽ വാങ്ങി സൂക്ഷിച്ചതാണ് പടക്കങ്ങൾ. എന്നാൽ പോലീസ് ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ രാത്രിയും ഇന്നലെ രാവിലെയുമായി പോലീസും ഫോറൻസിക് വിദഗ്ധരും ഉൾപ്പെടെ വീട്ടിലും പരിസരത്തും പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച അവശിഷ്ടങ്ങൾ വിദഗ്ദ്ധ പരിശോധനക്കായി അയക്കുന്നുണ്ട്. ഇതിന്റെ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ ബോംബാണോ എന്ന് സ്ഥിരീകരിക്കാനാവൂ. 
കാക്കയങ്ങാട് ബോംബ് നിർമ്മാണത്തിനിടെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ബി.ജെ.പി പ്രവർത്തകന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. എന്നാൽ സംഭവം മൂടിവെക്കാനുള്ള ശ്രമം തുടക്കത്തിലേ ആരംഭിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ സമാന സംഭവം ഉണ്ടായതായാണ് നാട്ടുകാരിൽ നിന്നും അറിയാൻ സാധിച്ചത്. നിലവിൽ സമാധാനാന്ത്രീക്ഷം നിലനിൽക്കുന്ന കണ്ണൂരിൽ ഇപ്പോഴും ബോംബ്‌നിർമ്മാണമടക്കം നടക്കുന്നുണ്ടെന്നത് ആശങ്കയയുർത്തുന്ന കാര്യമാണ്. ബിജെപിയും സിപിഎമ്മും അവരുടെ ക്രിമിനൽ സംഘങ്ങൾക്ക് ഇത്തരം കാര്യങ്ങൾക്ക് സംരക്ഷണമേർപ്പെടുത്തുന്നതാണ് ഗൗരവമായി കാണേണ്ടത്. ബോംബുകൾ കണ്ടെത്താൻ മുമ്പുള്ളതു പോലെ പോലീസിന്റെ ഭാഗത്തു നിന്ന് റെയ്ഡുകളൊന്നും നടക്കാറില്ല. കാക്കയങ്ങാട് സംഭവത്തിൽ കർശന നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും നിരപരാധികളുടെ ജീവനു ഭീഷണിയാകുന്ന ബോംബ് നിർമ്മാണത്തിന് തടയിടണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
 

Latest News