കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കൗണ്‍സില്‍ യോഗത്തിനിനെത്തിയ മേയര്‍ എം അനില്‍കുമാറിനെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഓഫീസിനു പുറത്ത് തടയുകയായിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ സി പി എം കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ശ്രമിച്ചതോടെ കോര്‍പ്പറേഷന്‍ പരിസരം സംഘര്‍ഷ ഭരിതമായി. യു ഡി എഫ് കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പ് മൂലം മേയര്‍ എം അനില്‍കുമാറിന് നഗരസഭാ ഓഫീസിനകത്തേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി മേയറെ ചേംബറിലെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ ബി ജെ പി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും സംഘടിച്ചെത്തിയത് സംഘര്‍ഷം വര്‍ധിപ്പിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഷട്ടര്‍ താഴ്ത്താന്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍മാരും പൊലീസുമായി ഉന്തും തള്ളും നടന്നു. കൗണ്‍സിലര്‍മാര്‍ അല്ലാത്ത യു ഡി എഫ് പ്രവര്‍ത്തകരെ പൊലീസ് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് പുറത്താക്കി. ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ചാണ് കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ നിന്നും നീക്കിയത്. സംഘര്‍ഷത്തില്‍ മുഹമ്മദ് ഷിയാസിനും മറ്റു ചില യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ വനിതാ കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണവും ഉയര്‍ന്നു. പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് .കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു. പുറത്ത് സംഘര്‍ഷം നടക്കുന്നതിനിടെ യു ഡി എഫ്, ബി ജെ പി കൗണ്‍സിലര്‍മാരുടെ അഭാവത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു.