തിരുവനന്തപുരം- സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു സര്‍ക്കാര്‍ പുതിയ ആളെ തേടുന്നു. സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മൂന്നു ഡിജിപിമാര്‍ സംസ്ഥാന സര്‍ക്കാരിനെ സമ്മതമറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തിലേക്ക് അയക്കുന്ന പട്ടികയിലെ 8 പേരില്‍ ആദ്യ 3 സ്ഥാനക്കാരായ നിധിന്‍ അഗര്‍വാള്‍, കെ. പത്മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ് എന്നിവരുടെ ചുരുക്കപ്പട്ടികയാകും കേന്ദ്രം സംസ്ഥാനത്തിനു മടക്കി നല്‍കുക. ഇവരില്‍ ആര്‍ക്കെതിരെയും ഇതുവരെ ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ല. അതിനാല്‍ ഇതില്‍ ഒരാളെ പോലീസ് മേധാവിയായി നിയമിക്കും.
സിആര്‍പിഎഫ് സ്‌പെഷല്‍ ഡയറക്ടര്‍ നിധിന്‍ അഗര്‍വാള്‍, ഇന്റലിജന്‍സ് ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍മാരായ ഹരിനാഥ് മിശ്ര, രവാഡ എ. ചന്ദ്രശേഖര്‍ എന്നിവരാണു കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതമറിയിച്ചത്. ഇതോടെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ള 8 പേരുടെ പട്ടിക കേന്ദ്രത്തിനു നല്‍കും.
ഡി.ജി.പിമാരായ ടോമിന്‍ തച്ചങ്കരി, ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണന്‍ എന്നിവര്‍ വൈകാതെ വിരമിക്കുന്നതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘമായ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) മേധാവി കേരള കേഡറിലെ അരുണ്‍ കുമാര്‍ സിന്‍ഹയും മേയില്‍ വിരമിക്കും. കേന്ദ്ര ഡപ്യൂട്ടേഷനില്‍ ഉള്ള 3 ഡി.ജി.പിമാര്‍ക്കൊപ്പം സംസ്ഥാനത്തെ 5 മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. പോലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാര്‍, െ്രെകംബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബ്, സപ്ലൈകോ സി.എം.ഡി സഞ്ജീവ് കുമാര്‍ പട്‌ജോഷി, ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ടി.കെ.വിനോദ് കുമാര്‍, ബവ്‌കോ എം.ഡി യോഗേഷ് ഗുപ്ത എന്നിവരെയാകും ഉള്‍പ്പെടുത്തുക.