തൃശൂര്‍ - സുരേഷ് ഗോപി തന്നെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ബിജെപി തൃശൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശക്തമായി ഉയര്‍ന്നു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സുരേഷ് ഗോപി താന്‍ തൃശൂരിലോ കണ്ണൂരിലോ മത്സരിക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃശൂര്‍ തന്നെയാണ് സുരേഷ് ഗോപിക്ക് ഏറ്റവും അനുയോജ്യം എന്ന വിലയിരുത്തലാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉണ്ടായത്.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപിയുടെ സാന്നിധ്യവും പ്രവര്‍ത്തനവും ശക്തിപ്പെടുത്താനും തീരുമാനമായി. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കണമെന്നാണ് പൊതുവേയുള്ള വികാരം എന്ന് പാര്‍ട്ടി നേതാക്കള്‍ അമിത്ഷായെ അറിയിച്ചു.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പാളിച്ചകള്‍ ഇത്തവണ ഇല്ലാതിരിക്കാനും വിജയം ഉറപ്പാ ക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനും അമിത്ഷാ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടിയ പോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സുരേഷ് ഗോപിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രീതി ഉണ്ടാക്കിയിട്ടുള്ളതെന്നും എംപി സ്ഥാനം ഒഴിഞ്ഞ ശേഷവും അദ്ദേഹം നടത്തിയ ജനോപകാര പ്രവര്‍ത്തനങ്ങള്‍ തൃശൂരില്‍ മാത്രമല്ല കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സി.പി.എം സംസ്ഥാന സെക്രട്ടറി സുരേഷ് ഗോപിയുടെ പേരെടുത്ത് പറഞ്ഞ് നടത്തിയ പരാമര്‍ശം സി.പി.എം എത്രമാത്രം വിറളി പൂണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും യോഗത്തില്‍ പലരും ചൂണ്ടിക്കാട്ടി. കണ്ണൂരിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിയെ അയക്കുന്നത് ആത്മഹത്യാപരമാണെന്നും പരാമര്‍ശം ഉണ്ടായി.