ദമാം- ഫാസിസത്തിന്‍റെ ഏറ്റവും കടുത്ത മൂർധന്യാവസ്ഥയിൽ ഇന്ത്യൻ ഭരണകൂടം എത്തിയതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ സമിതിയംഗം അഡ്വ. കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റു ഭീമൻമാരും ഭരണകൂടവും തമ്മിലുള്ള സമഗ്ര ലയനമാണ് ഫാസിസം എന്നാണു മുസോളിനി നേരത്തെ പ്രഖ്യാപിച്ചതെന്നും ഈ സാഹചര്യം തന്നെയാണ് ഇന്ത്യയിൽ സംജാതമായതെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകൾക്ക് സമ്പത്ത് വാരിക്കോരി നൽകി അവരെ കൊണ്ട് തന്നെ ഭരണകൂടത്തെ നയിക്കാൻ പ്രാപ്തരാക്കുകയാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കി അതിലൂടെ എങ്ങിനെ നേട്ടം കൊയ്യാം എന്ന് ഇവർ പരീക്ഷിക്കുന്നു. ദമാമിൽ എത്തിയ കെ.എൻ.എ ഖാദർ മലയാളം ന്യൂസിനു അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യാ രാജ്യം ഏറ്റവും അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നത്. ഫാസിസത്തിന്റെ പിടിയിലമർന്നു പോയ രാജ്യത്തെ വീണ്ടെടുക്കാൻ രാജ്യത്തെ ജനാതിപത്യ വിശ്വാസികൾ ഒന്നിക്കണം. ഫാസിസം അടുക്കളയിൽ എത്തിയിട്ടും അതിനെ കുറിച്ച് ബോധവാന്മാരല്ലാത്ത ബഹുഭൂരിക്ഷത്തെയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഫാസിസത്തെ കുറിച്ചും അതിന്റെ ഭീകരാവസ്ഥയെയും കുറിച്ച് മുപ്പത്തി ഒന്ന് വർഷങ്ങൾക്കു മുമ്പു കുറ്റിപ്പുറത്ത് നടന്ന മുസ്‌ലിം ലീഗ് സമ്മേളനത്തിൽ താൻ പ്രബന്ധം അവതരിപ്പിച്ചതാണ്. ഫാസിസം ഇന്ത്യ രാജ്യത്ത് പിടിമുറുക്കുമെന്നും അധികാരം കൈയ്യാളുമെന്നും അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ യഥാർത്ഥ പൈതൃകത്തെയും ചരിത്രത്തെയും എതിരാളികളുടെ വേദികളിൽ നാം അവതരിപ്പിക്കണമെന്നും മുസ്‌ലിം ലീഗിന്റെ യഥാർത്ഥ സൗന്ദര്യം ഇതര സമൂഹത്തിനിടയിൽ അനാവരണം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് നിലവിലെ പ്രതിപക്ഷം നിർവഹിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ തന്നെ ക്രിയേറ്റീവ് പ്രതിപക്ഷം ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതാണ്. നിലവിൽ ഇടതുപക്ഷം വലതുപക്ഷം എന്ന പക്ഷങ്ങൾ നിലനിൽക്കുന്നില്ല. എല്ലാം ഒരുപോലെ ഭവിച്ചതായും അത് കൊണ്ട് തന്നെ പഴയ കാല ചിന്തകൾക്ക് മാറ്റം വരികയും ചെയ്തു. പുതിയ കാലം നമുക്ക് നൂതനമായ സംവിധാനത്തിന് കളമൊരുക്കുന്നതോടെ സമരങ്ങൾക്കും നയങ്ങൾക്കും മാറ്റം വരുത്തേണ്ടതുണ്ട്. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെ നേരിടണമെങ്കിൽ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ പരമാവധി വിട്ടു വീഴ്ചയോടെയുള്ള സമീപനമാണ് നടന്നു വരുന്നത്. എന്നാൽ ഈ സാഹചര്യത്തിലും കേരളത്തിലെ പിണറായി സർക്കാർ മോഡിയുടെ ശൈലി തന്നെയാണ് പയറ്റി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പകരം ക്രിയാത്മകമായ സമരരീതിയിലൂടെ കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റം സൃഷ്ടിക്കുകയാണ്. ഇത് ജനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ഇന്നത്തെ ഇടതുപക്ഷം യഥാർത്ഥ ഇടതുപക്ഷമല്ല. മാർക്‌സും ലെനിനും വിഭാവനം ചെയ്ത കമ്മ്യുണിസത്തിന്റെ പാതയിൽ നിന്നും ഇവർ വ്യതിചലിച്ചു. കാഴ്ച്ചപ്പാടുകളിൽ പ്രായോഗികമെന്നും സൈദ്ധാന്തികമെന്നും ഇടകലർത്തി മാറ്റ തിരുത്തൽ വന്നതോടെ പാളം തെറ്റിയ ഇടതുപക്ഷത്തിന് ആശയം നഷ്ടപ്പെട്ടു. കമ്മ്യുണിസം സ്വപ്നം കണ്ടും അതിനെ താലോലിച്ചും കഴിഞ്ഞിരുന്ന ഇക്കൂട്ടരുടെ ചിന്ത ഇവിടെ കെട്ടടങ്ങി. വർഗ്ഗ ശത്രുക്കൾ പാർട്ടിക്കകത്ത് നുഴഞ്ഞു കയറി ഉപദേശകന്മാരുടെ രൂപത്തിൽ വിരാചിക്കുന്നതാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. ഈ സുഖലോലുപതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അകപ്പെട്ടു. തനിക്കു ചുറ്റും വലയം സൃഷ്ടിക്കുന്ന സർവ്വ സൈന്യവും ഇതിന്റെ ഭാഗമാണ്. ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം ആർഭാടങ്ങൾ അല്ല. മുഖ്യമന്ത്രിയുടെ ദൗർബല്യങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
ന്യൂനപക്ഷങ്ങളെ കുറിച്ച് പച്ചയായ നുണ പ്രചരണങ്ങൾ നടത്തിയാണ് സംഘപരിവാർ വർഗീയത പ്രചരിപ്പിക്കുന്നത്. വൈകാരികമായും വംശീയപരമായും അധിക്ഷേപങ്ങൾ നടത്തി ഭൂരിപക്ഷ സമുദായത്തിനിടയിൽ നുഴഞ്ഞു കയറി അതുവഴിയാണ് അധികാരത്തിലെത്തിയത്. യഥാർത്ഥത്തിൽ ഇവിടെയുള്ള മത വിശ്വാസികൾക്ക് അവരുടെ വിശ്വാസ പ്രമാണങ്ങളെ കുറിച്ച് അജ്ഞരാണ്. ഈ സാഹചര്യം മുതലെടുത്താണ് ഈ മതാന്ധരായ ആളുകളുമായി ചേർന്ന് കലാപങ്ങൾ സൃഷ്ടിക്കുന്നത്.
ബി.ജെ.പി കൊട്ടിഘോഷിക്കുന്ന ഹിന്ദുത്വ യഥാർത്ഥമല്ല. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഒന്നും കാണാൻ കഴിയാത്ത, തീർത്തും സംഘപരിവാർ നിർമ്മിത ഹിന്ദുത്വ പ്രചരണത്തെ നേരിടാൻ യഥാർത്ഥ വിശ്വാസികൾ മുന്നോട്ടു വരണം. യഥാർത്ഥ വിശ്വാസിക്ക് വർഗീയതയോ ഉന്മൂലനമോ സാധ്യമല്ല. സംഘപരിവാറിന്റെ ചരിത്രത്തിന്റെ അപനിർമ്മിതിയെ പൊളിച്ചടുക്കാൻ ശാസ്ത്രം ഇപ്പോഴും നില നിൽക്കുന്നുണ്ട്.
കേരളം നിലനിൽക്കുന്നത് തന്നെ പ്രവാസികളുടെ സാമ്പത്തിക സ്രോതസ്സ് കൊണ്ടാണ്. എന്നാൽ പ്രവാസികൾക്ക് അധികാരികളിൽ നിന്ന് അതിനനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ നിരന്തരമായി നിയമ നിർമ്മാണ സഭയിൽ പോലും ആവശ്യങ്ങൾ ഉയർന്നു വന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ഇപ്പോഴും പ്രവാസികൾ നേരിടുന്ന വലിയ പ്രശ്‌നമാണ് അവരുടെ യാത്ര പ്രശ്‌നവും അമിത വിമാന കൂലിയും. വൈകിയാണെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെ ശ്രദ്ധ അനിവാര്യമാണെന്നും ഈ ആവശ്യം നേടിയെടുക്കുന്നതിനായി പോരാട്ടം തുടരുമെന്നും ഖാദർ വ്യക്തമാക്കി.