തിരുവനന്തപുരം- ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ആധുനിക കേന്ദ്രവും സൗകര്യവും വേണം എന്ന ആശയത്തിൽ കൊണ്ടുന്ന വഴിയോര വിശ്രമകേന്ദ്ര പദ്ധതിയുടെ നിർവഹണത്തെചൊല്ലിയും ഭൂമി കൈമാറ്റ വ്യവസ്ഥകളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇളവ് നൽകിയ തീരുമാനത്തെ ചൊല്ലിയും വിവാദം മുറുകുന്നു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ പദ്ധതിക്കു പിന്നിൽ അഴിമതി ആരോപിച്ചിട്ടും സർക്കാരും മുഖ്യമന്ത്രിയും വിഷയത്തിൽ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല.
വിശ്രമ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ പേരിൽ സർക്കാർ ഭൂമിയിലെ കുത്തക സ്വകാര്യ കമ്പനിക്ക് നൽകുന്നതും ഭൂമി ബാങ്കിൽ പണയം വച്ച് ഇഷ്ടം പോലെ കടമെടുക്കാനുള്ള അധികാരം നൽകുന്നതും വലിയ ക്രമക്കേടിന് ഇടയാക്കുമെന്നാണ് ആക്ഷേപം. ഭൂമി സർക്കാരിന്റെ അധീനതയിൽ തന്നെ നിലനിർത്തി പദ്ധതി നടപ്പാക്കാവുന്നതേ ഉള്ളൂ. എന്നാൽ തുടക്കത്തിൽ ഇത്തരം വ്യവസ്ഥകളുണ്ടായിരുന്നത് ഉന്നതലയോഗത്തിൽ ഒഴിവാക്കുകയായിരുന്നു.
നോർക്ക വകുപ്പിന് കീഴിൽ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് (ഓക്കി) എന്ന കമ്പനി രൂപീകരിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. ഈ കമ്പനി പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിൽ ആണെന്നും 51 ശതമാനം ഓഹരി സർക്കാരിന് ഉള്ളതാണെന്നുമാണ് നോർക്ക വകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഓക്കി കമ്പനിയിൽ ബാജു ജോർജ് എന്ന വ്യക്തിയെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. 70,000 രൂപയുടെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയാണ് ബാജു ജോർജിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. സർക്കാർ കമ്പനിയിൽ പുറമേ നിന്നൊരാളെ നിയമിച്ചപ്പോൾ നിബന്ധനകൾ പാലിച്ചിട്ടുണ്ടോ, തിരഞ്ഞെടുത്തതിന്റെ നടപടിക്രമം എന്തൊക്കെ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല.
ഓക്കി കമ്പനിയുടെ പേരിൽ ഭൂമി കൈമാറുമ്പോൾ അതിലെ പ്രധാന വ്യവസ്ഥ 'ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ല, സർക്കാർ ആവശ്യങ്ങൾ വന്നാൽ നഷ്ടപരിഹാരം ഇല്ലാതെ തിരികെ നൽകണം എന്നിവയായിരുന്നു. ഈ പ്രധാന വ്യവസ്ഥകൾ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ മാറ്റിയതോടെയാണ് സർക്കാർ ഭൂമി എവിടെ വേണമെങ്കിലും പണയപ്പെടുത്തിയോ, ആർക്കു വേണമെങ്കിലും മറു പാട്ടത്തിനു നൽകിയോ അന്യാധീനപ്പെടുത്താൻ ഇടയാക്കുമെന്ന സാഹചര്യം ഉണ്ടായത്.
ഓക്കി കമ്പനിക്കു നൽകുന്ന ഭൂമിയിൽ പദ്ധതി വികസിപ്പിച്ച ശേഷം റെസ്റ്റ് സ്‌റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു എസ്പിവി രൂപീകരിച്ച് അവർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഈ എസ്പിവിയിൽ 26% മാത്രമാണ് സർക്കാർ ഓഹരി. 74ശതമാനം വിദേശ മലയാളികൾക്കുള്ളതാണ്. ഇത് ഭൂമിയുടെയും പദ്ധതിയുടെയും നടത്തിപ്പും നിയന്ത്രണവും വിദേശ വ്യക്തികളുടെ കൈകളിലാക്കുന്ന വ്യവസ്ഥയാണെന്നാണ് ആക്ഷേപം, ഇതു പിന്നെയും റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അവർക്കു കൈമാറും എന്നാണ് 'ഓക്കി' വ്യക്തമാക്കുന്നത്. അപ്പോൾ യഥാർഥ അവകാശികളും നടത്തിപ്പ് ചുമതലയുള്ളവരും ആരാണ് എന്ന ചോദ്യമുയരുകയാണ്. ഒരേ പദ്ധതി നടത്തിപ്പിനുവേണ്ടി ഇത്തരം മൂന്നു കമ്പനികളുടെ ആവശ്യം എന്താണ് എന്നതാണ് ചോദ്യം.
ഇക്കാര്യങ്ങളൊന്നും നിഷേധിക്കാതെ ഓക്കി കമ്പനി, എല്ലാ സ്ഥാപനങ്ങളും നിയമ പ്രകാരമുള്ള ഓഡിറ്റിന് വിധേയമാണ് എന്ന മറുപടി മാത്രമാണ് നൽകിയിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിൽ നിയമ, ധന, റവന്യൂ വകുപ്പുകൾ പദ്ധതിക്കെതിരെ എതിർപ്പുകൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യത്തിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങൾ ഒപ്പിട്ടതിന്റെ രേഖകൾ പുറത്തുവിടണമെന്നും ഏതെല്ലാം പദ്ധതികൾക്ക് ഭൂമി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകിയിട്ടുണ്ട്.