Sorry, you need to enable JavaScript to visit this website.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച്  കേരളത്തെ കേന്ദ്രം സുരക്ഷിതമാക്കി-അമിത് ഷാ  

തൃശൂർ- മോഡി സർക്കാരിന്റെ  നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേരളത്തിലെ ഇടതു വലതുപക്ഷങ്ങളെ കടന്നാക്രമിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ദേശീയ സംസ്ഥാന പ്രാദേശിക വിഷയങ്ങളടക്കം തേക്കിൻകാട്  മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിലെ പ്രസംഗത്തിൽ പരാമർശിച്ച അമിത് ഷാ കടുത്ത ഭാഷയിലാണ് ഇടതു സർക്കാരിനെയും കോൺഗ്രസിനെയും വിമർശിച്ചത്. തൃശൂരിൽ സംഘടിപ്പിച്ച ജനശക്തി റാലിയെ അമിത്ഷാ അഭിസംബോധന ചെയ്തു. 
കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ത്രിപുരയിൽ ഒന്നിച്ചെന്നും നിലനിൽപിനു വേണ്ടിയാണ് അവർ ഒന്നിച്ചതെന്നും 
എന്നാൽ ജനം ബി.ജെ.പിയെ തെരഞ്ഞെടുത്തെന്നും  അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തിന് കൈയയച്ച്  സഹായം നൽകിയിട്ടുണ്ടെന്ന്  അമിത് ഷാ  ചൂണ്ടിക്കാട്ടി. കേരളത്തിന് മോഡി സർക്കാർ കഴിഞ്ഞ അഞ്ചുവർഷം 1,15,000 കോടി രൂപ നൽകി. എന്നാൽ, യു.പി.എ സർക്കാർ നൽകിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 8500 കോടി രൂപ നൽകി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. ഗുരുവായൂരിൽ 317 കോടി രൂപ നൽകി. കാസർക്കോട്  50 മേഗാവാട്ടിന്റെ സൗരോർജ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഇത് അംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. 11 ദിവസമായി പുകയുന്ന കൊച്ചിയിൽ ദുരിതമനുഭവിക്കുന്ന കൊച്ചി നിവാസികൾക്ക് ആശ്വാസം പകരാൻ സംസ്ഥാന സർക്കാരിന് നടപടി എടുക്കാൻ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാൻ കോൺഗ്രസിനോ കമ്യൂണിസ്റ്റുകാർക്കോ കഴിയില്ല. കമ്യൂണിസ്റ്റ് സർക്കാർ ലൈഫ് മിഷൻ അഴിമതിയിൽ മുങ്ങി. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായതിൽ മുഖ്യമന്ത്രി മറുപടി പറയണം. സ്വർണക്കടത്തുകേസിൽ കമ്യൂണിസ്റ്റുകാർ മൗനം പാലിക്കുന്നു. കേരള ജനത മിണ്ടാതിരിക്കില്ല. 2024ൽ കേരള ജനത ഇതിനെല്ലാം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
 ഇനിയെങ്കിലും ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രി തുറന്ന് പറയണമെന്ന് അമിത് ഷാ പറഞ്ഞു. സ്വർണക്കടത്ത് കേസ് അങ്ങനെ വിട്ടു പോകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചോദ്യമുയരും. അതിന് ഉത്തരം നൽകേണ്ടി വരുമെന്നും അമിത് ഷാ ഓർമിപ്പിച്ചു. തൃശൂരിൽ നടക്കുന്ന ജനശക്തി റാലി 2024 ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണ്. കോൺഗ്രസിനെ രാജ്യവും പുറം തള്ളി. ഒമ്പത് വർഷമായി മോഡി ജനങ്ങളെ സേവിക്കുന്നു. എഴുപത് വർഷമായി നടക്കാത്ത വികസനം നാട്ടിൽ നടന്നു. ലോകത്തിലെ സാമ്പത്തിക നിലവാരത്തിൽ രാജ്യം പതിനൊന്നിൽ നിന്നും അഞ്ചാമതായി. ഒമ്പത് വർഷം കൊണ്ട് രാജ്യത്തെ സുരക്ഷിതമാക്കി. പണ്ട് യു.പി.എ ഭരിക്കുമ്പോൾ പാക്കിസ്ഥാൻ നമ്മുടെ സൈനികരുടെ തലയറുക്കുമായിരുന്നു. എന്നാൽ സർജിക്കൽ സ്‌െ്രെടക്കിലൂടെ അവരുടെ വീട്ടിൽ കയറി തിരിച്ചടിച്ചു. കേരളത്തിലെ ജനങ്ങളോട് മോഡിക്ക് അവസരം നൽകൂ എന്നാണ് ആവശ്യപ്പെടാനുള്ളത്. ആശയാദർശങ്ങൾ വെടിഞ്ഞ് ഒന്നിച്ചെത്തിയവരെ  ത്രിപുരയിലെ ജനങ്ങൾ തള്ളിയെന്നും അമിത് ഷാ പരിഹസിച്ചു. 2024ലെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടർന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തി. വടക്കേ സ്റ്റാൻഡിനടുത്തുള്ള  ശക്തൻ കൊട്ടാരത്തിലെ ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം  ജോയ്‌സ് പാലസ് ഹോട്ടലിൽ  പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. അതിനു ശേഷമാണ് തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു.

Latest News