Sorry, you need to enable JavaScript to visit this website.

കതുവ സംഭവത്തിനെതിരെ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിൽ പ്രായശ്ചിത്ത ശയന പ്രദക്ഷിണം

  • പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ

കണ്ണൂർ - കതുവ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹത്തിന്റെയെന്ന പേരിൽ എഴുത്തുകാരൻ കെ.പി.രാമനുണ്ണിയുടെ നേതൃത്വത്തിൽ ചിറക്കൽ കടലായി ക്ഷേത്രത്തിൽ  പ്രായശ്ചിത്ത ശയന പ്രദക്ഷിണം നടത്താനുള്ള നീക്കം വിവാദമാവുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്തു വന്നു കഴിഞ്ഞു. ദേവസ്വം ബോർഡ് ഈ നീക്കത്തെ തടഞ്ഞില്ലെങ്കിൽ വിശ്വാസികൾ ഇടപെട്ട് തടയുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഇന്ന് (വ്യാഴം) നടക്കാൻ പോകുന്ന പ്രതിഷേധ സമരം സംഘർഷത്തിൽ കലാശിക്കുമെന്ന ആശങ്കയും പരന്നു കഴിഞ്ഞു. 

കേരള സംസ്‌കൃത സംഘത്തിന്റെ പേരിലാണ് ഈ പരിപാടി സംഘടിപ്പിക്കുകയെന്ന് കവിഞ്ഞ ദിവസം കെ.പി.രാമനുണ്ണി വ്യക്തമാക്കിയിരുന്നു. കതുവ സംഭവം ക്ഷേത്രത്തിൽ വെച്ചാണ് നടന്നതെന്നതിനാൽ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ക്ഷേത്രത്തിനകത്ത് രാവിലെ 9 നു പ്രായശ്ചിത്ത ശയന പ്രദക്ഷിണം നടത്തുമെന്നാണ് പ്രഖ്യാപനം. 
ഇതു സംബന്ധിച്ച് കേരള സംസ്‌കൃത സംഘത്തിന്റെ പേരിൽ കെ.പി.രാമനുണ്ണി, സ്വാമി ധർമ്മ ചൈതന്യ, സതീശൻ തില്ലങ്കേരി എന്നിവരുടെ പേരിലുള്ള നോട്ടീസും പ്രചരിക്കുന്നുണ്ട്. ക്ഷേത്രങ്ങളെ ഫാസിസ്റ്റുകളുടെ കൈയിൽ നിന്നും മോചിപ്പിക്കുകയും വിശ്വാസികൾക്കായി നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതിൽ കലാകരന്മാരും ആത്മീയ നേതാക്കളുമടക്കം പങ്കെടുക്കുമെന്നും ഹിന്ദു മത വിശ്വാസികൾ ആചരണത്തിലും സാന്നിധ്യം കൊണ്ടും സന്നിഹിതരാവണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു മതസ്ഥരുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. 
അതേസമയം, ക്ഷേത്രത്തിനകത്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പരിപാടി സംഘടിപ്പിച്ച് വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ഈ നീക്കം തടയാൻ ദേവസ്വം ബോർഡ് മുന്നോട്ടു വന്നില്ലെങ്കിൽ തങ്ങൾ തടയുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പു നൽകി. കെ.പി.രാമനുണ്ണി ഉത്തമ ഹിന്ദു വിശ്വാസിയല്ല. അദ്ദേഹം ആർക്കു വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. വിശ്വാസം സംരക്ഷിക്കുന്ന വിധത്തിലുള്ള ഒരു പരിപാടിയും ഇതുവരെ നടത്താത്ത കടലാസ് സംഘടനയാണ് കേരള സംസ്‌കൃത സംഘമെന്നും ജമ്മു കശ്മീരിൽ നടന്ന ഒരു സംഭവത്തിന്റെ പ്രതിഷേധം കണ്ണൂരിലെ ക്ഷേത്രത്തിൽ നടത്തുന്നതിന്റെ ലക്ഷ്യം വ്യക്തമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. 
ഈ പരിപാടി ചിറക്കൽ പ്രദേശത്ത് പുതിയ സംഘർഷത്തിനു വഴിവെക്കുമെന്ന ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് നടപടിയെടുക്കാത്തിനാൽ പരിപാടി തടയുന്നതിനു മുഴുവൻ പ്രവർത്തകരും ക്ഷേത്ര പരിസരത്തെത്തണമെന്ന് ഹിന്ദു ഐക്യവേദി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പരിപാടിക്കു സംരക്ഷണം നൽകുന്നതിനു സി.പി.എം അടക്കമുള്ള സംഘടനകളും രംഗത്തു വരുമെന്ന് ഉറപ്പാണ്. 

 

Latest News