ജിദ്ദ- പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നത് ലോകത്തിന്റെ ആകാശപാതയുടെ ആധിപത്യം. 2030 ആകുമ്പോഴേക്ക് വ്യോമ ഭൂപടം സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ കീഴടക്കുന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. സൗദിയിലേക്ക് വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളുടെയും വ്യാപാരികളുടെയും ഒഴുക്ക് വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സൗദി അറേബ്യയെ ലോകത്തിന്റെ വാണിജ്യ വ്യവസായ, വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാനുള്ള പദ്ധതികളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടക്കുന്നത്. സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് അറിയിച്ചത്.
യു.എ.ഇ ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ മുൻ സി.ഇ.ഒ ടോണി ഡഗ്ലസിനെ റിയാദ് എയറിന്റെ സി.ഇ.ഒ ആയി നിയമിച്ചതിലൂടെ സൗദി അറേബ്യയുടെ ലക്ഷ്യം കൃത്യമായി അടയാളപ്പെടുത്തുന്നു. മികവിലും ഗുണമേന്മയിലും റിയാദ് എയർ ഒരു തരത്തിലുള്ള കുറവും വരുത്തില്ല എന്നതിന്റെ ആദ്യ തെളിവാണ് സി.ഇ.ഒ ആയി ടോണി ഡഗ്ലസിനെ നിയമിക്കുന്നതിലൂടെ വ്യക്തമാകുന്നത്. വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ 40 വർഷത്തിലേറെ അനുഭവസമ്പത്തുള്ള വിദഗ്ധനാണ് ടോണി ഡഗ്ലസ്. 2018 ജനുവരി മുതൽ 2022 ഒക്‌ടോബർ വരെ ഇത്തിഹാദ് എയർവേയ്‌സിന്റെ തലപ്പത്ത് ഡഗ്ലസ് ഉണ്ടായിരുന്നു.
ടോണി ഡഗ്ലസ്
പി.ഐ.എഫ് ഗവർണർ യാസിർ അൽ റുമയ്യനാണ് പുതിയ കാരിയറിന്റെ അധ്യക്ഷൻ. റിയാദായിരിക്കും എയർലൈനിന്റെ ആസ്ഥാനം. ഏഴു വർഷത്തിനകം ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ നൂറിലേറെ ലക്ഷ്യസ്ഥാനത്തേക്ക് റിയാദ് എയറിന്റെ വിമാനങ്ങൾ പറക്കും. ലോകോത്തര സംവിധാനമായിരിക്കും വിമാനങ്ങളിൽ ഏർപ്പെടുത്തുക. സൗദിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പ്രയോജനപ്പെടുത്തി ലോകത്തെ സൗദിയിലേക്ക് ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. 2030ഓടെ പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികളെ സൗദിയിലേക്ക് എത്തിക്കും.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ ആകർഷണങ്ങൾ സന്ദർശിക്കാൻ എയർലൈൻ അവസരം നൽകും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലാണ് വിമാന കമ്പനിയുടെ പ്രവർത്തനം. വിഷൻ 2030 ന് അനുസൃതമായി സൗദി വ്യോമയാന മേഖലയെയും പരിപോഷിപ്പിക്കുമെന്ന് സൗദി ഭരണകൂടം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന റിയാദ് എയർ സൗദി തലസ്ഥാനമായ റിയാദ് കേന്ദ്രമായാണ് പ്രവർത്തിക്കുക. വ്യോമയാന മേഖലയിൽ ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്ന പുതിയ വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ദേശീയ അന്തർദേശീയ രംഗത്തെ വിദഗ്ധരടങ്ങുന്ന സമിതിയാണ് കമ്പനിയെ നയിക്കുന്നത്. അതിനിടെ, പുതുതായി നൂറു വിമാനങ്ങൾ കൂടി വാങ്ങാൻ അമേരിക്കൻ ബോയിംഗ് വിമാന കമ്പനിയുമായി സൗദിയ കരാർ ഒപ്പിട്ടു. ഇതു സംബന്ധിച്ചുള്ള കരാർ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്.