Sorry, you need to enable JavaScript to visit this website.

സൗദി പോലീസിന് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്, അബ്ദുള്‍ കരീം വധക്കേസിലെ പിടികിട്ടാപ്പുള്ളിയെ നാട്ടിലെത്തിച്ചു

 

കോഴിക്കോട് : വയനാട്ടിലെ വൈത്തിരി ജംഗിള്‍ പാര്‍ക്ക് റിസോര്‍ട്ടിന്റെ ഉടമ അബ്ദുള്‍ കരീം വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന അവശേഷിക്കുന്ന പ്രതിയും അകത്തായതോടെ കേരള പോലീസ് നന്ദി പറയേണ്ടത് സൗദി പോലീസിന്. സൗദി പോലീസ് മിടുക്കു കാണിച്ചിരുന്നില്ലെങ്കില്‍ അബ്ദുള്‍ കരീം വധക്കേസിന്റെ ഫയലുകള്‍ ഇനിയും ക്ലോസ് ചെയ്യാതെ കിടക്കുമായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയില്‍ പിടിയിലായ  പ്രതി മലപ്പുറം മോങ്ങം സ്വദേശി മൂഹമ്മദ് ഹനീഫയെ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയും സംഘവും ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വടകര മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഫ.
2006 ഫെബ്രുവരി 11 നാണ് വൈത്തിരി ജംഗിള്‍ പാര്‍ക്ക് റിസോര്‍ട്ടിന്റെ ഉടമ കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനിയില്‍ അബ്ദുള്‍ കരീമിനെ ചുരത്തിലൂടെ ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി അടിച്ചുകൊലപ്പെടുത്തിയത്. തുടര്‍ന്ന് നൂറാം തോട് ഭഗത്ത്  കൊക്കയിലേക്ക് തള്ളി. ഒപ്പമുണ്ടായിരുന്ന അബ്ദുള്‍ കരീമിന്റെ ഡ്രൈവറായ ശിവനെയും മര്‍ദ്ദിച്ച ശേഷം കൊക്കയിലേക്ക് തള്ളിയിരുന്നു. ഇയാളും മരിച്ചെന്നായിരുന്നു അക്രമി സംഘത്തിന്റെ ധാരണ. വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടന്ന ശിവന്‍ രക്ഷപ്പെട്ട് എത്തിയതോടെയാണ് കൊലപാതകത്തിന്റെ കഥ വെളിച്ചത്താകുന്നത്. ശിവന്റെ വെളിപ്പെടുത്തലുകളാണ് കേസില്‍ നിര്‍ണ്ണായകമായത്. 
ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദ് ഹനീഫയെ കഴിഞ്ഞ നവംബറില്‍ സൗദി ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു. ഖത്തറില്‍ നിന്ന് ഹയാ കാര്‍ഡ് മുഖേന സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് സല്‍വാ ജയിലില്‍ നിന്ന് റിയാദിലേക്ക് കൊണ്ടുവന്നത്. സൗദി സുരക്ഷാസേന ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വഴി കേരള പോലീസിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടി, ഇന്‍സ്പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തിയിരുന്നു. ദീര്‍ഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാള്‍ ഒരു തവണ നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്തെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഗള്‍ഫില്‍ അന്വേഷണം ശക്തമാക്കിയത്.

 അബൂള്‍ കരീമിന്റെ റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബു വര്‍ഗീസായിരുന്നു അബ്ദുള്‍ കരീമിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ നല്‍കിയിരുന്നത്.  ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബുവര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു. ഈ വിരോധത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്
കേസില്‍ മുഹമ്മദ് ഹനീഫ ഒഴിച്ചുള്ള പ്രതികളെല്ലാം തന്നെ അന്വേഷണം ആരംഭിച്ച്  അധികം വൈകാതെ പിടിയിലായി.ഹനീഫ മാത്രം എവിടെയുണ്ടെന്ന് കണ്ടെത്താനായില്ല. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നുവെന്ന വിവരം മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നത്.  നീണ്ട കാലത്തെ  വിചാരണയ്ക്ക് ശേഷം കേസിലെ 11 പ്രതികളില്‍ ഏഴ് പേരെ ശിക്ഷിച്ചു. ഒരാള്‍ മരണപ്പെട്ടു. രണ്ടുപേരെ വെറുതെ വിടുകയും ചെയ്തു.

 

Latest News