കൊച്ചി - കൊച്ചിയിലാകെ കട്ട വിഷപ്പുകയാണെന്നും ഭരണാധികാരികൾ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും നിർമാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. ബ്രഹ്മപുരം തീപിടുത്തത്തിൽ ഭരണകൂടത്തിന് ഗുരുതര വീഴ്ചയാണുണ്ടായത്. ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന മന്ത്രിമാരുടെ നെടുങ്കൻ ഡയലോഗുകളല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്നും സാന്ദ്ര കുറ്റപ്പെടുത്തി.
പുകയുംതോറും ഡയോക്‌സിൻ എന്ന വിഷവാതകമാണ് പുറത്തുവരുന്നത്. ഇത് ശ്വസിച്ചാണ് കൊച്ചിക്കാർ കഴിയുന്നത്. എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പരീക്ഷകൾ നടക്കുന്ന സമയത്ത് കുട്ടികൾ എങ്ങനെ പഠിക്കുമെന്ന് സർക്കാർ ചിന്തിക്കുന്നേയില്ല. രാത്രി മുഴുവൻ വിഷപ്പുക ശ്വസിക്കുന്ന കുട്ടികൾക്ക് എങ്ങനെ പരീക്ഷ എഴുതാനാകും? പത്തു ദിവസത്തിന് ശേഷമാണ് ഗർഭിണികൾ മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞത്. കൊച്ചിയിൽനിന്ന് ഓടിരക്ഷപ്പെടുകയല്ലാതെ മറ്റു മാർഗമില്ല. പക്ഷേ, അതിനും വഴിയില്ലാത്ത ആളുകൾ നിരവധിയുണ്ടെന്നും സാന്ദ്ര തോമസ് ഓർമിപ്പിച്ചു.