കൊല്ലം- സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിനുള്ള സ്‌കൂളിലെ അധ്യാപികയുടെ ഫോണ്‍ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ കരുതലോടെ പ്രതികരിച്ച് പാര്‍ട്ടി നേതൃത്വം. വിഷയം ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവന്റെ മറുപടി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ മാനേജ്മെന്റ്.
സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളിലെ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോര് കൊല്ലത്ത് പാര്‍ട്ടിയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് കരുതലോടെ നേതൃത്വത്തിന്റെ പ്രതികരണം. മുന്‍ സിപിഎം നേതാവിന്റെ മകളായ അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തെ അടക്കം അപമാനിക്കുന്ന തരത്തില്‍ പുറത്തുവന്ന സന്ദേശങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.
വിവാദത്തിലകപ്പെട്ട 4 അധ്യാപകരെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തെങ്കിലും ചേരിതിരിഞ്ഞുള്ള പോര് അധ്യാപകര്‍ തുടരുകയാണ്. സംഭവത്തില്‍ വകുപ്പ് തലത്തിലും പോലീസ് അന്വേഷണവും തുടരുകയാണ്. സ്‌കൂള്‍ മാനേജ്മെന്റ് പ്രഖ്യാപിച്ച അന്വേഷണം പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമേ പൂര്‍ത്തിയാകൂ. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന മറുപടിയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടിയുടെ മറുപടി.
സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണ് ഉള്ളത്. എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന നിര്‍ദ്ദേശം ജില്ലാ നേതൃത്വം നല്‍കിയതായിയാണ് വിവരം. അടുത്തിടെ സ്‌കൂളില്‍ നടത്തിയ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചും പാര്‍ട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ 2 ജില്ലാ കമ്മിറ്റി അംഗങ്ങളും ചവറ കുന്നത്തൂര്‍ ഏരിയ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സബ് കമ്മിറ്റിയാണ് സ്‌കൂള്‍ നിയന്ത്രിക്കുന്നത്.