തിരുവനന്തപുരം : ' എന്റെ പൊന്ന് മോനെ ആരോ പീഡിപ്പിച്ച് കൊന്ന് കുളത്തിലിട്ടതാണ്, ആര്‍ക്കും അത് മനസ്സിലാകും, പക്ഷേ പോലീസുകാര്‍ക്ക് മാത്രം ഒന്നും മനസ്സിലാകുന്നില്ല ' ആ അമ്മ ഹൃദയ വേദനയോടെ അന്ന് പറഞ്ഞ വാക്കുകള്‍ ശരിയാണെന്ന് അന്തിമമായി സ്ഥിരീകരിക്കാനായി വേണ്ടി വന്നത് നീണ്ട പതിനാല് വര്‍ഷങ്ങള്‍. എന്നിട്ടും അജ്ഞാതനായ ആ കൊലയാളി ആര്‍ക്കും പിടികൊടുക്കാതെ എവിടെയോ മറഞ്ഞിരിക്കുകയാണ് ? ആരാണ് കുട്ടിയോട് ക്രൂരത കാട്ടിയതെന്ന കുടുംബത്തിന്റെ ചോദ്യത്തിന് മുന്നില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും കൈമലര്‍ത്തുന്നു.
2009 ഏപ്രില്‍ 5 നാണ് ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ ആദര്‍ശ് വിജയകുമാറിന്റെ മൃതദേഹം വീട്ടിനടുത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. അന്ന് പതിമൂന്ന് വയസ്സായിരുന്നു കുഞ്ഞിന്റെ പ്രായം. വീട്ടുകാര്‍ പാല്‍ വാങ്ങാന്‍ പറഞ്ഞയച്ചതായിരുന്നു ആദര്‍ശിനെ. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം വീടിനടുത്തെ കുളത്തില്‍ കണ്ടെത്തിയത്.
കുളത്തില്‍ നിന്ന് മകന്റെ ശരീരം പുറത്തെടുക്കുമ്പോള്‍ കഴുത്തെല്ല് ഒടിഞ്ഞ് തൂങ്ങിയിരുന്നെന്ന് അമ്മ ഷീജ അന്ന് തന്നെ പറഞ്ഞിരുന്നു. മകന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ലെന്നും. അന്ന് ശക്തമായ മഴ പെയ്ത ദിവസമാണെങ്കിലും കുളത്തിന്റെ കരയില്‍ മടക്കി വെച്ചിരുന്ന വസ്ത്രങ്ങള്‍ മഴയില്‍ നനഞ്ഞിരുന്നില്ലെന്നും അമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം പ്രാഥമിക വിലയിരുത്തലില്‍ തന്നെ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കും നട്ടെല്ലിനും പരിക്കുള്ള കാര്യവും സൂചിപ്പിച്ചിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ ബീജവും രക്തക്കറയും കണ്ടെത്തിയിരുന്നു. കുളം വറ്റിച്ച് പരിശോധിച്ചപ്പോള്‍ ആദര്‍ശിനെ കൊലപ്പെടുത്താനുപയോഗിച്ചതെന്ന് കരുതുന്ന മണ്‍വെട്ടി കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ആദര്‍ശ് മുങ്ങി മരിച്ചതല്ലെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടും ലോക്കല്‍ പോലീസ് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോയില്ല. നീണ്ട പത്ത് വര്‍ഷങ്ങള്‍ കേസിന്റെ മേല്‍ ലോക്കല്‍ പോലീസ് അടയിരുന്നിട്ടും സംഭവത്തെക്കുറിച്ചോ, അതിന്റെ കാരണക്കാരായവരെക്കുറിച്ചോ ഒരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതേതുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുയും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. ഒടുവില്‍ 2019 ല്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കേസ് ഡയറികള്‍ പരിശോധിച്ചതിലൂടെ ആദര്‍ശിന്റെ മരണം കൊലപാതകമാണെന്ന പ്രഥമിക വിലയിരുത്തലില്‍ െൈക്രം ബ്രാഞ്ച് അന്വേഷണ സംഘം എത്തിയിരുന്നു.
അതിനിടയിലാണ് കോളിളക്കം സൃഷ്ടിച്ച
കൂടത്തായിയിലെ ആറ് മരണങ്ങള്‍ റീപോസ്റ്റുമോര്‍ട്ടത്തിലൂടെ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയതോടെ പഴയ കേസുകളില്‍ അന്വേഷണം ത്വരിതപ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഇതോടെ ആദര്‍ശിന്റെ മൃതദേഹവും റീപോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. 2019 ഒകടോബര്‍ 14 ന് കല്ലറയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിനും വിശദമായ രാസ പരിശോധനയ്ക്കും അയച്ചു. ഈ പരിശോധനകളുടെ ഫലം വന്നതോടെ ആദര്‍ശിന്റെ മരണം കൊതപാതകമാണെന്ന് ഇപ്പോള്‍ അന്തിമമായി തെളിഞ്ഞിരിക്കുകയാണ്. കുട്ടിയുടെ തലയോട്ടി തകര്‍ന്നിരുന്നെന്നും നട്ടെല്ലിന് കാര്യമായ ക്ഷതങ്ങളേറ്റിരുന്നുവെന്നുമാണ് ഇപ്പോഴത്തെ പരിശോധനാ ഫലത്തിലുള്ളത്.
പതിനാല് വര്‍ഷം മുന്‍പ് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി ശരിവെയ്ക്കുകയാണ് ഇപ്പോഴത്തെ പരിശോധനാ ഫലങ്ങള്‍. സംഭവം നടന്നപ്പോള്‍ തന്നെ പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ ആര്‍ശിന്റെ കൊലയാളികളെ അന്ന് തന്നെ കണ്ടെത്താമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ആദര്‍ശിന്റെ ബന്ധുക്കള്‍