റിയാദ് - വയനാട് വൈത്തിരിയില്‍ റിസോര്‍ട്ട് ഉടമയെ കൊന്ന കേസില്‍ സൗദി അറേബ്യയില്‍ പിടിയിലായ മലപ്പുറം സ്വദേശിയെ ഇന്ന് (ശനിയാഴ്ച) രാത്രി 11: 55 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലേക്ക് കൊണ്ടുപോകും. രാത്രി 11.30ന് (സൗദി സമയം) ഇദ്ദേഹത്തെ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന് കൊണ്ടുവരുന്ന ഉദ്യോഗസ്ഥര്‍ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തില്‍ വെച്ച് കേരളത്തില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. രാവിലെ 7.15ന് കരിപ്പൂരിലെത്തും.
17 വര്‍ഷം മുമ്പ് വൈത്തിരി തളിപ്പുഴ ജംഗിള്‍ പാര്‍ക്ക് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയില്‍ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് റിയാദ് ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്. ശേഷം ഇദ്ദേഹത്തെ കോടതിയില്‍ ഹാജറാക്കും.
2006 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്രചെയ്യവെ ക്വട്ടേഷന്‍ സംഘം തടഞ്ഞുനിര്‍ത്തി അബ്ദുല്‍ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍ ശിവനെയും മര്‍ദ്ദിച്ചിരുന്നു. ഇരുവരും മരിച്ചെന്ന് കരുതിയാണ് നൂറാംതോട് ഭാഗത്ത് കൊക്കയിലേക്ക് തള്ളിയത്. എന്നാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് കേസില്‍ നിര്‍ണായ തെളിവായി. കേസില്‍ രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ നവംബറില്‍ സൗദി ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു. ഖത്തറില്‍ നിന്ന് ഹയാ കാര്‍ഡ് മുഖേന സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് സല്‍വാ ജയിലില്‍ നിന്ന് റിയാദിലേക്ക് കൊണ്ടുവന്നത്. സൗദി സുരക്ഷാസേന ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വഴി കേരള പോലീസിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തിയിരുന്നു. ദീര്‍ഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാള്‍ ഒരു തവണ നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്‌തെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഗള്‍ഫില്‍ അന്വേഷണം ശക്തമാക്കിയത്.
കരീമിന്റെ റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവര്‍ഗീസായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. ബിസിനസിലെ തര്‍ക്കത്തെതുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബുവര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു. ഈ വിരോധത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. കേസിലെ 11 പ്രതികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ച പ്രതിയാണിദ്ദേഹം.