Sorry, you need to enable JavaScript to visit this website.

ബഹിരാകാശ സഹകരണം: സൗദി സംഘം ഇന്ത്യയില്‍, ഐ.എസ്.ആര്‍.ഒയുമായി ചര്‍ച്ച നടത്തി

റിയാദ്- ബഹിരാകാശ ഗവേഷണ സഹകരണത്തെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി സൗദി സ്‌പേസ് കമ്മീഷന്‍ (എസ്.എസ്.സി) സി.ഇ.ഒ ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ പ്രമുഖരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി.
എസ്.എസ്.സി സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ സൗദ് അല്‍ തമീമി, ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലും അതിന്റെ ഭാവി മേഖലകളിലും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സൗദി ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ അല്‍തമീമി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയിലെ (ഐ.എസ്.ആര്‍.ഒ) ശ്രീധര പണിക്കര്‍ സോമനാഥുമായി കൂടിക്കാഴ്ച നടത്തി.
'വിജ്ഞാനത്തിന്റെ കൈമാറ്റം, പ്രാദേശികവല്‍ക്കരണം, തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യത്തിലെ ബഹിരാകാശ വ്യവസായങ്ങളുടെ വികസനത്തിന് സംഭാവനകള്‍ എന്നിവയില്‍ ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകളും അവര്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.
ബഹിരാകാശ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിനെ കുറിച്ചും ഇരുപക്ഷവും ചര്‍ച്ച നടത്തിയതായി ഐ.എസ്.ആര്‍.ഒ പ്രസ്താവനയില്‍ പറഞ്ഞു.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗങ്ങളിലൊന്നായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) ഉള്‍പ്പെടെ ബഹിരാകാശ മേഖലയിലെ നിരവധി ഇന്ത്യന്‍ കമ്പനികളുടെ തലവന്മാരുമായി അല്‍തമീമി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ അനുഭവങ്ങളെയും പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു.
കമ്മീഷന്‍ മേധാവി ബാംഗ്ലൂരിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ (യു.ആര്‍.എസ്.സി) സന്ദര്‍ശിക്കുകയും ഉപഗ്രഹങ്ങളുടെ നിര്‍മ്മാണം, രൂപകല്‍പന, വിക്ഷേപണം എന്നിവയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുകയും ചെയ്തു. കേരളത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) ഡയറക്ടറുമായും അല്‍തമീമി കൂടിക്കാഴ്ച നടത്തി.

 

 

Latest News