കൊച്ചി- ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ പുക ചെറുക്കാനായി കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായി ആരോഗ്യമന്ത്രി. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികളടക്കം നിര്‍ബന്ധമായി മാസ്‌ക് ധരിക്കാനാണ് നിര്‍ദേശം. നിലവില്‍ എത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വീണാ ജോര്‍ജ് അറിയിച്ചു.
തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നീ പ്രധാന ലക്ഷണങ്ങളുമായി നിലവില്‍ 899 പേര്‍ ചികിത്സ തേടിയതായും കുട്ടികളെയും പ്രായമായവരെയും രോഗബാധിതരെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. പുക ശമിപ്പിക്കാനുള്ള ശ്രമം പത്താം ദിനത്തിലേക്ക് കടന്നപ്പോഴാണ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
ബ്രഹ്മപുരത്ത് പുകയണയ്ക്കാന്‍ ഏറ്റവും ഫലപ്രദം നിലവിലെ രീതി: വിദഗ്ധ സമിതി
കൊച്ചി- ബ്രഹ്മപുരത്ത് പുകയണയ്ക്കാന്‍ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി യോഗം ചേര്‍ന്നത്.
പുക അണയ്ക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തില്‍ ഇവയൊന്നും ഫലപ്രദമല്ല. തീപിടിത്തത്തെ തുടര്‍ന്ന് നിലവില്‍ അവശേഷിക്കുന്ന പുക പൂര്‍ണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
പുക ഉയരുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. തീയും പുകയും പൂര്‍ണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ ക്യാമറകളും എച്ച് എച്ച്. ഗ്യാസ് മോണിറ്ററുകളും വാങ്ങാന്‍ തീരുമാനിച്ചു.
പുക ഉയരുന്ന സാഹചര്യത്തില്‍ റിസ്‌ക് അനാലിസിസ് നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റില്‍ അവ ശേഷിക്കുന്ന ചാരം ഉടന്‍ നീക്കാനും യോഗം നിര്‍ദേശിച്ചു.
എം. ജി. സര്‍വകലാശാലയിലെയും കുസാറ്റിലെയും പരിസ്ഥിതി ശാസ്ത്രജ്ഞര്‍, കുസാറ്റിലെ അഗ്‌നി സുരക്ഷാ വിഭാഗം, എന്‍. ഐ. ഐ. എസ്. ടി, പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്റ് റെസ്‌ക്യൂ, കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.