കോഴിക്കോട് : ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെയും ലേബര്‍ റൂമുകളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു വ്യക്തമാക്കി. കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഐ എം എ ആവശ്യപ്പെട്ടു.
ആഴ്ച്ചയില്‍ ഒന്ന് എന്ന നിലക്ക് സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. അധികാരികളുടെ കണ്ണ് തുറക്കാന്‍ ഇനി സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഐ എം എ നേതാക്കള്‍ പറഞ്ഞു. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പൊതു- സ്വകാര്യ മേഖലകളിലുള്ള ഐ എം എ അംഗങ്ങളായ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കിന്റെ ഭാഗമാകും. സഹോദര സംഘടനകളോടും, സര്‍വീസ് സംഘടനകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐ എം എ ഭാരവാഹികള്‍ വ്യക്തമാക്കി.