കൊച്ചി- പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരില്‍ എത്തും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയിലും, തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ശക്തന്‍ തമ്പുരാന്‍ സ്മാരകവും അമിത് ഷാ സന്ദര്‍ശിക്കും.
കേരളത്തില്‍ നിന്നും ഒരു അംഗത്തെയെങ്കിലും പാര്‍ലമെന്റിലേക്ക് എത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ നിരവധി സീറ്റുകള്‍ ബിജെപി ലക്ഷ്യം വെയ്ക്കുന്നുണ്ടെങ്കിലും തൃശ്ശൂരിനെ ഒരു തുറുപ്പ് ചീട്ടായാണ് അവര്‍ കാണുന്നത്. സിനിമ താരവും മുന്‍ രാജ്യസഭ എംപിയുമായിരുന്ന സുരേഷ് ഗോപിയെ സീറ്റില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭമാണിതെന്നും, അമിത് ഷായുടെ വരവോടെ തൃശൂര്‍ ലോകസഭ മണ്ഡലത്തിന്റെ തെരെഞ്ഞുടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചര്‍ച്ചകള്‍ നടക്കുമെന്നും ബിജെപി നേതാവ് എം ടി രമേശ് വ്യക്തമാക്കി.
തൃശ്ശൂരില്‍ പ്രചാരണ ക്യാമ്പയിന്‍ തുടങ്ങി മറ്റു മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കൂടുതല്‍ ദേശീയ നേതാക്കളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ അനുമാനം.